ന്യൂഡൽഹി: നടൻ നാന പടേക്കറിനെതിരെ തനുശ്രീ ദത്തയുടെ ലൈംഗിക ആരോപണത്തിൽ നടന് പിന്തുണയുമായി ബിജെപി എംപി ഉദിത് രാജ്. 10 വർഷത്തിനുശേഷം ആരോപണം ഉന്നയിച്ചതിനുപിന്നിൽ സംശയമുണ്ടെന്നാണ് ഉദിത് രാജ് പറഞ്ഞത്. പുരുഷനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നതിന് സ്ത്രീകൾ ലക്ഷങ്ങൾ വാങ്ങുന്നുണ്ടെന്നും ബിജെപി എംപി പറഞ്ഞു.

”സ്ത്രീകൾ ഇതൊരു ശീലമാക്കിയിരിക്കുന്നു. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് 2 മുതൽ 4 ലക്ഷംവരെ സ്ത്രീകൾ വാങ്ങുന്നുണ്ട്. ഒരാൾക്കെതിരെ ആരോപണം ഉന്നയിച്ചതിനുശേഷം അടുത്തയാളെ തിരഞ്ഞു പിടിക്കുന്നു. പുരുഷന്റെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയാം. പക്ഷേ സ്ത്രീകൾ പെർഫെക്ടാണോ? അവരിത് ദുരുപയോഗം ചെയ്യില്ലേ? ഇത്തരം ആരോപണങ്ങൾ മൂലം ഒരു പുരുഷന്റെ ജീവിതമാണ് നശിക്കുന്നത്” രാജ് എഎൻഐയോട് പറഞ്ഞു.

വർഷങ്ങൾക്കുശേഷം ആരോപണം ഉന്നയിച്ചാൽ ഈ കേസിൽ സത്യം എങ്ങനെയാണ് തെളിയിക്കാൻ കഴിയുകയെന്ന് നാന പടേക്കറിനെതിരായ ആരോപണത്തെ പരാമർശിക്കാതെ എംപി ചോദിച്ചു. ഇത്തരം ആരോപണങ്ങൾ ഒരു വ്യക്തിയുടെ ഇമേജിനെ തകർക്കും. ഇതൊരു മോശം പ്രവൃത്തിയുടെ തുടക്കമാണെന്നും മീ ടൂ ക്യാംപെയിനെ വിമർശിച്ച് ബിജെപി എംപി പറഞ്ഞു.

10 വർഷങ്ങൾക്കു മുൻപ് ‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ നാന പടേക്കർ മോശമായി പെരുമാറിയെന്ന് ഒരു അഭിമുഖത്തിലാണ് തനുശ്രീ ദത്ത പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ