scorecardresearch

എന്‍ഡിഎയില്‍ വനിതകള്‍ക്ക് പ്രവേശനം: വിജ്ഞാപനം മേയിലെന്നു കേന്ദ്രം

പാഠ്യപദ്ധതി രൂപീകരിക്കുന്നതിനായി വിദഗ്ധ പഠനസംഘത്തിനു രൂപം നല്‍കിയതായി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു

എന്‍ഡിഎയില്‍ വനിതകള്‍ക്ക് പ്രവേശനം: വിജ്ഞാപനം മേയിലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: വനിതകളെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം അടുത്തവര്‍ഷം മേയില്‍ പുറപ്പെടുവിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയെയാണ് ഇക്കാര്യം അറിയിച്ചത്.

പാഠ്യപദ്ധതി രൂപീകരിക്കുന്നതിനായി വിദഗ്ധ പഠനസംഘത്തിനു രൂപം നല്‍കിയതായി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമമായ ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, എന്‍ഡിഎയിലെ വനിതാ കേഡറ്റുകളുടെ പരിശീലനം സംബന്ധിച്ച് ഉദ്യോഗസ്ഥതല ബോര്‍ഡ് പദ്ധതി രൂപപ്പെടുത്തും.

എന്‍ഡിഎ വഴി സായുധ സേനയില്‍ സ്ഥിരം കമ്മിഷനായി സ്ത്രീകളെ നിയമിക്കുമെന്നു കേന്ദ്രം ഈ മാസം ആദ്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം നടപ്പാക്കുന്ന രീതികള്‍ വിശദമാക്കുന്നതാണ് ഇപ്പോഴത്തെ സത്യവാങ്മൂലം.

”ശാരീരിക പരിശീലനം, വെടിവയ്പ് തുടങ്ങിയ സേവന വിഷയങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്നതു സായുധസേനയുടെ യുദ്ധക്കഴിവുകളെ പ്രതികൂലമായി ബാധിക്കും,” എന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു, അതിനാല്‍, വനിതാ കേഡറ്റുകള്‍ക്കായി കുതിരസവാരി, നീന്തല്‍, ഗെയിമുകള്‍, കായിക ഇനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പുരുഷന്മാരുടെയും സ്ത്രീകളുടെയും താമസമേഖലകളുടെ വേര്‍തിരിവ് ഉറപ്പാക്കാന്‍ പുതിയ താമസസൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. സ്വകാര്യതയ്ക്കായി ബാത്ത്‌റൂം ക്യുബിക്കിളുകള്‍ പോലുള്ള സൗകര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Also Read: മോദി-ബൈഡൻ കൂടിക്കാഴ്ച; ഭീകര വിരുദ്ധ നടപടികൾ ചർച്ചയാവും

സെപ്റ്റംബര്‍ അഞ്ചിനു നടത്താനിരുന്ന എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാന്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെ ഓഗസ്റ്റ് 18നു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി അനുവദിച്ചിരുന്നു.

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും അജയ് റസ്‌തോഗിയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നു പുറപ്പെടുവിച്ച വിധി മനസിലാക്കിയ ബെഞ്ച്, കമാന്‍ഡ് പോസ്റ്റിങ്ങുകള്‍ ഉള്‍പ്പെടെ വനിതാ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കു സൈന്യത്തില്‍ സ്ഥിരം കമ്മിഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന്, ‘നയപരമായ മാറ്റങ്ങള്‍, നടപടിക്രമം, പരിശീലന അടിസ്ഥാന സൗകര്യം തുടങ്ങിയവ’ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട്, ഈ വര്‍ഷം തല്‍സ്ഥിതി തുടരാന്‍ കേന്ദ്രം സെപ്റ്റംബര്‍ എട്ടിനു സുപ്രീം കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഈ വര്‍ഷത്തെ പരീക്ഷ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ മാറ്റിവയ്ക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ് സി) തീരുമാനിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു.

വനിതകള്‍ക്ക് എന്‍ഡിയില്‍ നിയമനം തേടി അഭിഭാഷകനായ കുഷ് കല്‍റ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. യുപിഎസ്സി നടത്തുന്ന എന്‍ഡിഎ, നേവല്‍ അക്കാദമി പരീക്ഷകള്‍ക്കു യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കാത്തത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഇടക്കാല വിധി ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Women candidates nda exam may 2022 centre supreme court