ന്യൂഡല്‍ഹി: മുസ്‌ലിം പള്ളികളിൽ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനുവദനീയമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഇക്കാര്യം വ്യക്തമാക്കി ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രാര്‍ഥന നടത്താന്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പ്രകാരം അനുവദനീയമാണ്. സ്ത്രീകളുടെ പള്ളിപ്രവേശനം വിലക്കുന്ന ഫത്വകള്‍ അവഗണിക്കാമെന്നും സത്യവാങ്മൂലത്തില്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. പള്ളിപ്രവേശനത്തിന് അനുമതി തേടിയ ഹര്‍ജികളുമായി ബന്ധപ്പെട്ടാണു ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. എട്ടുപേജുള്ള സത്യവാങ്മൂലമാണു ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കു പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ അനുമതി തേടി കഴിഞ്ഞ വര്‍ഷം രണ്ട് ഹര്‍ജികളാണു സുപ്രീംകോടതിക്കു മുന്‍പാകെ എത്തിയത്. അതിലൊന്നു
സമര്‍പ്പിച്ചതു പൂനെ സ്വദേശികളായ ദമ്പതികളായിരുന്നു. ‘ലിംഗപരമായ വേര്‍തിരിവ് ആവശ്യപ്പെടുന്ന യാതൊന്നും ഖുറാനിലും ഹദീസിലുമില്ല’ എന്ന് യാസ്മീന്‍ അഹമ്മദ് പീര്‍സദെ, ഭര്‍ത്താവ് സുബര്‍ അഹമ്മദ് നസീര്‍ അഹമ്മദ് പീര്‍സദെ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
”സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുന്നത് അസാധുവും ഭരണഘടനാ വിരുദ്ധവുമാണ്. അത്തരം സമ്പ്രദായങ്ങള്‍ സ്ത്രീയുടെ അടിസ്ഥാന അന്തസിനെ ഹനിക്കുന്നതു മാത്രമല്ല, വ്യക്തിയെന്ന നിലയില്‍ ഭരണഘടനയുടെ 14, 15, 21, 25 അനുച്‌ഛേദങ്ങള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണ്”എന്നും ദമ്പതികള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Read Also: ഡിഎച്ച്എഫ്എല്ലിന്റെ വമ്പൻ തട്ടിപ്പ് വെളിച്ചത്ത്; 12,773 കോടി വെട്ടിച്ചത് ലക്ഷം വ്യാജ അക്കൗണ്ടുകൾ വഴി
വിലക്ക് ബാധിക്കപ്പെട്ട നിരവധി സ്ത്രീകളുണ്ടെന്നും എന്നാല്‍ കോടതിയെ സമീപിക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല അവരെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ജാതി, ലിംഗം മതം എന്നിവയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണു പള്ളി പ്രവേശന വിലക്കെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനവും സുപ്രീംകോടതിയുടെ ഒമ്പതംഗ ബഞ്ചിനു വിട്ട സാഹചര്യത്തിലാണു ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. ഈ വിഷയങ്ങള്‍ വിശാല ബഞ്ച് ഉടൻ പരിഗണിക്കാനിരിക്കുകയാണ്.