ആഗ്ര: താജ്മഹലിന്റെ പരിസരത്തെ പളളിയില്‍ സംഘപരിവാര്‍ സംഘടനയിലെ വനിതാ പ്രവര്‍ത്തകര്‍ പൂജ നടത്തി. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന വാദം ഉന്നയിച്ചാണ് ശനിയാഴ്ച പൂജ നടത്തിയത്. താജ്മഹല്‍ തേജോമഹാലയ എന്ന പേരുള്ള ശിവ ക്ഷേത്രമായിരുന്നുവെന്നും അതിനാല്‍ ഇവിടെ പൂജ നടത്താന്‍ അവകാശമുണ്ടെന്നുമാണ് സംഘപരിവാര്‍ പറയുന്നത്.

നേരത്തെ തന്നെ ഇവിടെ ആര്‍ക്കിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യ നിസ്‌കാരം നിരോധിച്ചിരുന്നു. വെള്ളിയാഴ്ച ദിവസത്തെ ജുമഅ നിസ്‌കാരം മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാല്‍ അതും നിര്‍ത്തലാക്കാനുള്ള നിർദേശമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. ജമുഅ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ജുമഅയുടെ സമയത്ത് പ്രവേശന കവാടം അടച്ചിടുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

പ്രദേശവാസികള്‍ക്കു മാത്രമേ ഇവിടെ നിസ്‌കരിക്കാന്‍ അനുമതിയുള്ളൂ. അതും നിര്‍ത്തലാക്കാനാണ് ഇപ്പോള്‍ നടക്കുന്ന നീക്കം. എന്നാല്‍ ഇതിനെ എതിര്‍ത്ത് വ്യാഴാഴ്ച സമീപവാസികള്‍ നിസ്കരിച്ചിരുന്നു. ഇതിനെതിരെയാണ് പൂജ നടത്തി സംഘപരിവാര്‍  പുതിയ വിവാദത്തിന് വഴി തെളിയിക്കുന്നത്. മൂന്ന് യുവതികളാണ് പൂജ ചെയ്യാനായി എത്തിയത്. ഇവര്‍ ഒരു കുപ്പിയില്‍ കൊണ്ടുവന്ന വെളളം പളളിയില്‍ തെളിച്ച് ജയ്ശ്രീറാം വിളികള്‍ മുഴക്കി. മറ്റൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

മുസ്‌ലിങ്ങള്‍ക്ക് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ തങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാമെന്ന് ഹിന്ദു സംഘടനകളിലെ യുവതികള്‍ പറഞ്ഞു. ‘ചില ആളുകള്‍ തേജോ മഹാലയെ മലിനമാക്കി. ഗംഗാജലം കൊണ്ട് ഞങ്ങള്‍ അതിനെ ശുദ്ധീകരിക്കും,’ എന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയിലെ ഒരു യുവതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശവകുടീരങ്ങളുടെ പരിപാലന അധികാരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ 1958 ല്‍ മാത്രം നിലവില്‍ വന്നതാണെന്നും 400 വര്‍ഷമായി ഈ പള്ളിയില്‍ നിസ്‌കാരം നടന്നുവരുന്നുണ്ടെന്നും താജ്മഹല്‍ മജ്‌സിദ് കമ്മിറ്റി സദര്‍ സെയ്ദ് ഇബ്രാഹീം സൈതി പറഞ്ഞു. അധികൃതരുടെ നിലപാടുകള്‍ എകപക്ഷീയമാണെന്നും ഇതിനെതിരേ കമ്മീഷണറെ സമീപിക്കുമെന്നും സെയ്ത് പറഞ്ഞു.

അധികൃതരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയും ഇവിടെ നിസ്‌കാരം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘപരിവാര്‍ ഇവിടെ പൂജ തുടങ്ങുമെന്ന ഭീഷണിയുമായി രംഗത്തു വന്നിരുന്നത്. നിസ്കാരം തുടര്‍ന്നാല്‍ നിശബ്ദരായി നോക്കി നില്‍ക്കില്ലെന്ന് ബജ്‌രംഗ്ദള്‍ നേതാവ് ഗോവിന്ദ് പരാശാര്‍ പറഞ്ഞിരുന്നു. ഇവിടെയുണ്ടായിരുന്ന ശിവ ക്ഷേത്രം തകര്‍ത്താണ് മുഗള്‍ രാജാക്കന്മാര്‍ താജ്മഹല്‍ പണിതതെന്നാണ് സംഘപരിവാറിന്റെ അവകാശവാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook