മുംബൈ: ജുഹു ബീച്ചില്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുഖത്തും കഴുത്തിലും നിരവധി മുറിവുകള്‍ കാണപ്പെട്ട മൃതദേഹത്തിന്റെ പിന്‍കഴുത്തിന് താഴെ ഒരു ടാറ്റൂവും പതിപ്പിച്ചിട്ടുണ്ട്. ഒരു മാലാഖയോട് സാമ്യമുളള രൂപമാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടെ സമീപവാസികളാണ് തീരത്ത് ഉപേക്ഷിച്ച നിലയില്‍ വലിയൊരു ബാഗ് കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇവര്‍ സാന്താക്രൂസ് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. 20 വയസ് പ്രായം തോന്നിക്കുന്ന യുവതി കറുപ്പും പച്ചയും ചേര്‍ന്ന് നിശാവസ്ത്രവും കഴുത്തില്‍ മംഗള്‍സൂത്രയും ആണ് അണിഞ്ഞിരിക്കുന്നത്.

യുവതിയെ തിരിച്ചറിയാനായി ടാറ്റു മാത്രമാണ് പൊലീസിന് മുമ്പിലുളള സൂചന. പ്രഥമദൃഷ്ട്യാ ഇത് കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കാണാതായവരുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

മെയ് മാസം സമാനമായ സംഭവം മുംബൈയില്‍ നടന്നിട്ടുണ്ട്. അന്ന് ഇരയുടെ തോളിലെ ഓം ടാറ്റുവാണ് പൊലീസിന് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രിയങ്ക ഗുരാവ് എന്ന യുവതിയാണ് അന്ന് കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ