ഗാസ: ഇസ്രയേലിന്റെ ആക്രമങ്ങളില്‍ പരുക്കേല്‍ക്കുന്ന പലസ്തീനികളെ ശുശ്രൂഷിക്കാന്‍ ഓടിയെത്താറുള്ള റസാന് നജ്ജാര്‍ എന്ന പാരാമെഡിക് വോളന്റിയറെ ഇനി ഗാസ അതിര്‍ത്തിയില്‍ കാണില്ല. ഇസ്രയേലി പട്ടാളത്തിന്റെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ആ ധീര വനിത ഈ ലോകത്തോട് വിട പറഞ്ഞു. റമദാന് 16ന് വെള്ളിയാഴ്ച മുസ്ലിംങ്ങള്‍ ബദറിന്റെ ഓര്‍മകള്‍ അയവിറക്കുന്ന മണിക്കൂറുകളിലാണ് ഇസ്രയേലി ഭീകരരുടെ വെടിയുണ്ടകള്‍ നോമ്പ് നോറ്റിരുന്ന റസാന്റെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. ആയിരക്കണക്കിന് പേരാണ് റസാന്റെ ഖബറടക്കം നടക്കുന്ന പളളിയിലെത്തിയത്.
ഖാന് യൂനിസ് പ്രതിഷേധ ക്യാംപിലെ ആദ്യത്തെ നഴ്സുമാരില്‍ ഒരാളായിരുന്നു റസാന്. ഗാസയുടെ യാഥാസ്ഥിതിക സമൂഹത്തില്‍ സ്ത്രീകള്‍ക്കും മുഖ്യമായ പങ്കുവഹിക്കാനുണ്ടെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഈ ജോലി റസാന് ഏറ്റെടുത്തത്. മാര്‍ച്ചില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ കൊല്ലപ്പെടുന്ന 119-ാമത്തെയാളാണ് റസാന്. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ പരുക്കേറ്റ ഒരു പ്രതിഷേധക്കാരനെ പരിചരിക്കുകയായിരുന്നു റസാന്. ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ പരുക്കേറ്റയാള്‍ക്ക് ബാന്‍ഡേജ് കെട്ടിക്കൊടുക്കുമ്പോഴാണ് റസാന് വെടിയേറ്റത്. വേലിക്ക് അപ്പുറത്തു നിന്നും ഇസ്രയേല്‍ സൈനികന് തൊടുത്തുവിട്ട മൂന്ന് വെടിയുണ്ടകള്‍ റസാന്റെ ദേഹത്ത് തുളച്ചുകയറിയതായി ദൃക്സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ റസാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരുക്കുകളോടെ റസാന് മരണത്തിന് കീഴടങ്ങി. റസാന്റെ അന്ത്യനിമിഷത്തില്‍ ഡോക്ടര്‍മാര്‍ തിരക്കിട്ട് പരിചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

‘റസാന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ല, പരുക്കേറ്റവരുടെ മുറിവില്‍ പുരട്ടാനുളള മരുന്നായിരുന്നു ഉണ്ടായിരുന്നത്’, റസാനെ ആശുപത്രിയിലെത്തിച്ച ബന്ധു ഇബ്രാഹിം നജ്ജാര്‍ പറഞ്ഞു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ പ്രസ്താവന പുറത്തിറക്കി. നഴ്സാണെന്ന് വ്യക്തമായിട്ടും നടത്തിയ കൊലപാതകം അപലപനീയമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഖുസ്സയിലാണ് റസാന് താമസിക്കുന്നത്. പിതാവായ അഷ്റഫ് അല്‍ നജ്ജാര്‍ നടത്തിയിരുന്ന മോട്ടോര്‍ബൈക്ക് പാര്‍ട്സുകള്‍ വില്‍ക്കുന്ന കട 2104ലെ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു.

ആറ് കുട്ടികളില്‍ മൂത്തയാളാണ് റസാന്. പിതാവിന്റെ ജോലി പോയതോടെയാണ് റസാന് നാസര്‍ ആശുപത്രിയില്‍ മെഡിക്കല്‍ വോളന്റിയറാവാന്‍ പരിശീലനം ആരംഭിച്ചത്. വെളളിയാഴ്ച സുബഹിക്ക് മുമ്പ് അത്തായം കഴിക്കാന്‍ എഴുന്നേറ്റപ്പോഴാണ് മകളെ അവസാനമായി കണ്ടതെന്ന് 44കാരനായ അഷ്റഫ് നജ്ജാര്‍ പറഞ്ഞു. അപ്പോഴാണ് അവള് അവസാനമായി ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമുക്കൊരു ലക്ഷ്യമുണ്ട്. മുറിവില്‍ മരുന്ന് പുരട്ടി ജീവിതങ്ങളെ മടക്കിക്കൊണ്ടു വരണം. ആയുധമില്ലാതെ എന്തും ചെയ്യാന്‍ കഴിയുമെന്ന് ലോകത്തിന് സന്ദേശം നല്‍കണം’, റസാന് എന്നും ഈ വാചകം പറയുമായിരുന്നെന്ന് അഷ്റഫ് ഓര്‍ത്തെടുത്തു.
കഴിഞ്ഞ ദിവസം നസാറിന്റെ ചോരപുരണ്ട വെളുത്ത യൂണിഫോം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പൊട്ടിക്കരയുന്ന മാതാവിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ‘സിയോണിസ്റ്റുകളോട് പോരാടാന്‍ എന്റെ മകള്‍ ഉപയോഗിച്ച ആയുധം ഇതായിരുന്നു’. തന്റെ മറുകൈയ്യില്‍ പരുക്കേറ്റവര്‍ക്കായി മകള്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന ബാന്‍ഡേജ് റോളുകളും മാതാവ് ഉയര്‍ത്തിക്കാണിച്ച് വിളിച്ചു പറഞ്ഞു, ‘ഇതായിരുന്നു എന്റെ മകളുടെ വെടിക്കോപ്പ്’.
Mother of Palestinian Paramedic Razan Alnajjar who was killed by Israeli snipers yesterday holds up her blood-soaked vest. Says her late daughter was first female paramedic in Gaza. Week before her death she bought siblings new clothes for eid holiday pic.twitter.com/FDPTfnchwi
— Asma (@LibyanBentBladi) June 2, 2018