മുംബൈ: ശരീരഭാരം കുറച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ കാത്തിരിക്കുകയാണ് 42 കാരിയായ അമിത രജനി. ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയിലൂടെ ഏറ്റവും കൂടുതല്‍ തൂക്കം കുറയ്ക്കുന്ന ഏഷ്യന്‍ വനിതയാകാനാണ് കാത്തിരിപ്പ്. നാല് വര്‍ഷം കൊണ്ട് ശസ്ത്രക്രിയയിലൂടെ 300 കിലോയില്‍ നിന്ന് ശരീരഭാരം 86 ലേക്ക് എത്തിച്ചിരിക്കുകയാണ് അമിത രജനി.

ഒരു ദശാബ്ദം മുന്‍പാണ് അമിത ഭാരം മൂലം താന്‍ കിടപ്പിലായതെന്ന് അമിത പറയുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയ അന്നായിരുന്നു താൻ ആദ്യമായി വീടിനു പുറത്തേക്കിറങ്ങിയ ദിവസമെന്നും അമിത ഓർക്കുന്നു. ഒരു ദിവസം കിടക്കയില്‍ നിന്ന് താഴെ വീണപ്പോള്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ആറ് പേര്‍ ചേര്‍ന്നാണ് തന്നെ തിരികെ കട്ടിലിലേക്ക് എത്തിച്ചതെന്നും അമിത ഓര്‍ക്കുന്നു. ആറര ഇഞ്ച് വീതിയുള്ള സോഫ സജ്ജീകരിച്ചുള്ള പ്രത്യേക ആംബുലൻസിലാണ് അമിതയെ ആശുപത്രിയിലെത്തിച്ചത്.

ആറ് വയസ് മുതലാണ് അമിതയ്ക്ക് ശരീര ഭാരം ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. പതിനാറാം വയസില്‍ തൂക്കം 126 കിലോയിലെത്തി. ദൈനംദിന കൃത്യങ്ങളെല്ലാം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. പിന്നീട് ശരീരഭാരം വര്‍ധിച്ച് 300 ലേക്ക് എത്തി. മറ്റൊരാളുടെ സഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ.

Read More News Here

എപ്പോഴും ഒരാളുടെ സഹായമുണ്ടെങ്കിലേ വ്യക്തിപരമായ കാര്യങ്ങള്‍ പോലും അമിതയ്ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ബാത്ത്‌റൂമിൽ പോകുന്നതിനു പോലും മറ്റൊരാള്‍ സഹായിക്കാന്‍ വേണ്ട അവസ്ഥയിലായെന്നും അമിതയുടെ മാതാവ് പറയുന്നു.

നിരവധി ഡോക്ടര്‍മാരെ സമീപിച്ചു. ശരീരഭാരം ക്രമാതീതമായി കൂടുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും വ്യക്തമായി കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ പുണെയില്‍ നിന്നുള്ള ഡോക്ടര്‍ ശശാങ്ക് ഷായാണ് വിഷയത്തില്‍ ഇടപെട്ടത്. രണ്ട് മാസത്തോളം അമിത ഭാരം കൂടുന്നതിനുളള കാര്യമെന്താണെന്ന് ഡോക്ടര്‍ ഗവേഷണം നടത്തി. പിന്നീടാണ് ശസ്ത്രക്രിയയിലേക്ക് എത്തിയത്.

ശസ്ത്രക്രിയ അപകട സാധ്യതയുള്ളതായിരുന്നു. എന്നാല്‍, തങ്ങള്‍ ശുഭാപ്തി വിശ്വാസത്തിലായിരുന്നുവെന്ന് ഡോ.ശശാങ്ക് പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം അമിതയ്ക്ക് സ്വന്തമായി നടക്കാന്‍ സാധിച്ചു എന്നും ഡോകടര്‍ പറയുന്നു. 2015 ല്‍ അമിതയെ മെറ്റബോളിക് സര്‍ജറിക്ക് വിധേയയാക്കി. പിന്നീട്, 2017 ല്‍ ഗ്യാസ്ട്രിക് ബൈപാസിനും. വിഷയം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് അയച്ചിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook