ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് യുവതി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമിച്ചു. വികാസ്പുരിയിലാണ് സംഭവം നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതി കടുംകൈ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മോട്ടോര്‍സൈക്കിളിന്റെ പിന്നില്‍ യാത്ര ചെയ്യുമ്പോഴാണ് യുവതി ആസിഡാക്രമണം നടത്തിയത്.
ബൈക്കില്‍ കയറുമ്പോള്‍ യുവാവ് ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മുഖത്ത് സ്പർശിക്കാന്‍ കഴിയുന്നില്ലെന്നും ഹെല്‍മറ്റ് അഴിച്ച് മാറ്റണമെന്നും യുവതി കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. ഹെല്‍മറ്റ് ഊരിയതിന് പിന്നാലെയാണ് മുഖത്ത് ആസിഡ് ഒഴിച്ചതെന്നാണ് പരാതി.
ജൂണ്‍ 11നാണ് സംഭവം നടന്നത്. കമിതാക്കള്‍ക്ക് നേരെ ആസിഡാക്രമണം നടന്നെന്ന് പറഞ്ഞാണ് പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇരുവരേയും ആശുപത്രിയലെത്തിച്ചു. എന്നാല്‍ യുവതിയുടെ കൈയില്‍ മാത്രമാണ് പൊളളലേറ്റിരുന്നത്. യുവാവിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊളളലേറ്റിരുന്നു. യുവതിയാണ് അക്രമം നടത്തിയതെന്ന് യുവാവും വെളിപ്പെടുത്തിയില്ല. തങ്ങള്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റാരോ ആസിഡ് ആക്രമണം നടത്തിയതെന്നാണ് കമിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
Read More: കേരളത്തെ ചേർത്തുപിടിക്കാൻ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരും
എന്നാല്‍ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് യുവാവിന്റെ മൊഴിയില്‍ അസ്വാഭാവികത തോന്നിയത്. കാമുകി തന്നോട് ഹെല്‍മറ്റ് ഊരി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായി യുവാവ് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്തു. ആദ്യം സമ്മതിക്കാന്‍ തയ്യാറാവാതിരുന്ന യുവതി പിന്നീട് കുറ്റസമ്മതം നടത്തി. വിവാഹം ചെയ്യില്ലെന്ന് കാമുകന്‍ അറിയിച്ചതോടെയാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് യുവതി പൊലീസിനോട് സമ്മതിച്ചത്.
‘ഇരുവരും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈയടുത്ത് ബന്ധം നിര്‍ത്തലാക്കാന്‍ യുവാവ് ആവശ്യപ്പെട്ടു. തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടു. പറ്റില്ലെന്ന് യുവാവ് പറഞ്ഞതോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കലിന്റെ കുപ്പിയാണ് യുവതി ബാഗില്‍ ഒളിപ്പിച്ചിരുന്നത് ,’ ഡല്‍ഹി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക ഭരദ്വാജ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.