ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ സഹപാഠിയായിരുന്ന യുവാവ് ചുട്ടുകൊന്നു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഫ്റ്റുവെയർ എഞ്ചിനീയറായ ഇന്ദുജ (21) ആണ് മരിച്ചത്. ആകാശ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ചെന്നൈയിലെ ആടംബക്കം എന്ന സ്ഥലത്ത് ഇന്ദുജയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ഒരു മാസമായി പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന ശേഷം ഇന്നലെ രാത്രി ഇയാൾ ആക്രമിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. യുവതിയുടെ അച്ഛൻ വിദേശത്താണ്.

ഇയാൾ വീട്ടിലെത്തി ഇന്ദുജയെ വിളിച്ചെങ്കിലും ഇവർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. പിന്നീട് ഒന്ന് സംസാരിച്ചാൽ മാത്രം മതിയെന്ന് ആകാശ് ആവശ്യപ്പെട്ടതോടെ വാതിൽ തുറക്കുകയായിരുന്നു. ഉടൻ തന്നെ പെട്രോൾ യുവതിയുടെ ദേഹത്തേക്കൊഴിച്ച് ഇയാൾ തീകൊളുത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇന്ദുജയുടെ അമ്മയ്ക്ക് ശരീരത്തിൽ 49 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ