ഛണ്ഡീഗഡ്: വനിതാ പൊലീസ് ഓഫിസറെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ പലവാൽ പൊലീസ് സ്റ്റേഷൻ പരിസരത്താണ് വനിതാ സബ് ഇൻസ്പെക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പരാതി ലഭിച്ചതായും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് കണക്ക് പ്രകാരം ഹരിയാനയിൽ 2018 മെയ് 31 വരെ 70 കൂട്ടബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 2017 ൽ 1,238 പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2017 ൽ ഒരു ദിവസം ശരാശരി നാലു പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയാവുന്നതായാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പോലുളള പദ്ധതികൾക്ക് തുടക്കമിട്ടതിനുശേഷവും രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്ക് കുറവൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ കണക്കുകൾ.