ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ സംഭവത്തില്‍ സ്ത്രീയെയും മകനെയും ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് മൃതദേഹം 10 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് പാണ്ഡവ് നഗര്‍, ത്രിലോക്പുരി പ്രദേശങ്ങളില്‍ തള്ളുകയുമായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കര്‍ കൊലപാതകവുമായി സാമ്യമുള്ളതാണു പുതിയ സംഭവം.
അഞ്ജന് ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ പൂനത്തെയും ആദ്യ ബന്ധത്തിലുള്ള മകന് ദീപക്കിനെയുമാണ് അറസ്റ്റ് ചെയ്തത്. ജൂണിലായിരുന്നു സംഭവം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു പ്രതികളെ അറസ്റ്റ് ചെയ്ത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
പാണ്ഡവ് നഗറിലെ ഒരു മൈതാനത്തിനു സമീപം മനുഷ്യന്റെ തലയും ശരീരഭാഗങ്ങളും പൊലീസ് ജൂണില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് ആ സമയത്ത് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ അന്വേഷണത്തിലാണു കൊല്ലപ്പെട്ടത് അഞ്ജന് ദാസാണെന്നു തിരിച്ചറിഞ്ഞത്.
”ജൂണ്‍ അഞ്ചിന് ഈസ്റ്റ് ജില്ലയിലെ രാംലീല മൈതാനത്തുനിന്നു ചില ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍, രണ്ട് കാല്, രണ്ട് തുട, തലയോട്ടി, ഒരു കൈത്തണ്ട എന്നിവ കണ്ടെടുത്തോടെ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തി. ദാരുണമായ കൊലപാതകമാണെന്നു തോന്നി. ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് നടത്തിയ തീവ്ര അന്വേഷണത്തിലാണു മൃതദേഹം അഞ്ജന് ദാസിന്റേതാണു തിരിച്ചറിഞ്ഞത്,” ഡല്‍ഹി പൊലീസ് ക്രൈം ഡി സി പി അമിത് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശരീരഭാഗങ്ങള്‍ അടങ്ങിയതെന്നു കരുതുന്ന ബാഗുമായി ആളൊഴിഞ്ഞ മൈാനതേക്കു പ്രതികള്‍ നടക്കുന്നതു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
”മരിച്ചയാളെ കഴിഞ്ഞ അഞ്ചാറു മാസമായി കാണാനില്ലെന്നും എന്നാല്‍ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ മനസിലായി. ഭാര്യ പൂനത്തെയും മകന് ദീപക്കിനെയും സി സി ടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു,” ഗോയല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
”മേയ് 30 ന് അമ്മയും മകനും അഞ്ജന് ദാസിനെ ഉറക്കഗുളിക കലര്‍ത്തിയ മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കഴുത്തുമുറിച്ച് കൊലപ്പെടുത്തി. രക്തം പൂര്‍ണമായി വാര്‍ന്നുപോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. അതിനുശേഷം 10 കഷ്ണമാക്കി മുറിച്ചു. ഇതുവരെ ആറ് കഷ്ണം പൊലീസ് കണ്ടെടുത്തു,” ഗോയല്‍ പറഞ്ഞു.
2016ല്‍ ഭര്‍ത്താവ് കല്ലു മരിച്ചതിനെത്തുടര്‍ന്ന് 2017ലാണു പൂനം അഞ്ജന് ദാസിനെ വിവാഹം ചെയ്തത്. കല്ലുവാണു ദീപക്കിന്റെ പിതാവ്. ബിഹാറിലും വിവാഹിതനായ അഞ്ജന് ദാസിന് ആ ബന്ധത്തില്‍ എട്ട് കുട്ടികളുണ്ട്. അഞ്ജന് ജോലിക്കൊന്നും പോവാത്തതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്നും ഗോയല്‍ പറഞ്ഞു.
ഇരുപത്തിയേഴുകാരിയായ ശ്രദ്ധ വാക്കറിനെ ലിവ്-ഇന്‍ പങ്കാളി അഫ്താബ് പൂനവാല കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കിയതു പുറത്തുവന്ന് ഏകദേശം ഒരു മാസത്തിനു ശേഷമാണ് അഞ്ജന് ദാസ് വധം. ഇതുപോലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച വാക്കറുടെ മൃതദേഹവും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.