ദിസ്പൂര്‍: മുസ്ലിം യുവാവിനൊപ്പം യാത്ര ചെയ്ത യുവതിയെ സദാചാരവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. അസമിലെ ഗോള്‍പാര ജില്ലയിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഒരു മെഡിക്കല്‍ സെന്ററില്‍ സന്ദര്‍ശനം നടത്താനെത്തിയ 22കാരിയും സുഹൃത്തുമാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ അക്രമികള്‍ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. സദാചാര ഗുണ്ടായിസമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹം ഉറപ്പിച്ചിരുന്ന യുവതിയുടെ സുഹൃത്താണ് മുസ്ലിം യുവാവ്. ഇവര്‍ തമ്മില്‍ പ്രണയ്തതിലാണെന്ന് തെറ്റിദ്ധരിച്ചാവാം അക്രമം നടത്തിയതെന്ന് ഗോല്‍പാര എസ്പി അമിതവ സിന്‍ഹ പറഞ്ഞു. മറ്റൊരുത്തനുമായി എന്ത് ചെയ്യുകയാണെന്ന് ചോദ്യം ചെയ്താണ് യുവതിയെ ആക്രമിച്ചത്. കൂടാതെ യുവാവിനേയും അക്രമികള്‍ കൈകാര്യം ചെയ്തു. ഒരു മിനുട്ടും 18 സെക്കന്റുമുളള വീഡിയോയില്‍ യുവതി നിലവിളിക്കുന്നതായി കാണാം. സഹായത്തിനായി വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ച യുവതിയുടെ ഫോണും അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. നിലത്തിട്ട് ചവുട്ടിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ തന്നെയാണ് ഇതിന്റെ വീഡിയോ തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുകയും ചെയ്തത്.
ആറ് പേരെ ഞായറാഴ്ച്ചയും ആറ് പേരെ തിങ്കാളാഴ്ച്ചയും പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ സെന്ററില്‍ പലപ്പോഴും ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്നാണ് യുവതിയെ ചിലര്‍ ചോദ്യം ചെയ്ത് അക്രമിച്ചത്.