പാഠ്ന: അഞ്ച് വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ പിടിച്ചുലച്ച നിർഭയ കൊലപാതകത്തിനും മലയാളികളുടെ മനസാക്ഷിയെ മരവിപ്പിച്ച ജിഷ വധക്കേസിനും സമാനമായി ബിഹാറിലും കൊലപാതകം. ബലാത്സംഗശ്രമം ചെറുത്ത യുവതിയെ അക്രമി ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയാണ് അക്രമി കൊന്നത്. സംഭവത്തില്‍ അയല്‍വാസിയായ ധീരജ് പാസ്വാന്‍ എന്നയാൾ പിടിയിലായി. പാറ്റ്നയിലെ നൗബാത്പൂരിലാണ് സംഭവം.
നാല് മക്കളുടെ അമ്മയായ 35 വയസ്സുകാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസം അയല്‍വാസിയായ 22കാരന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. യുവതി പീഡനശ്രമം ചെറുത്തതോടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
യുവതി ബോധരഹിതയായതിനെത്തുടര്‍ന്ന് ധീരജ് കുമാര്‍ സ്ഥലം വിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞ് വീട്ടുകാരെത്തിയാണ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവത്തെത്തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.