ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒറ്റമുറി വാടക കെട്ടിടത്തില്‍ 28കാരിയുടെ മൃതദേഹം കണ്ടെത്തി. ബലാത്സംഗത്തിനിരയായാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഒരു ബിയര്‍ കുപ്പിയും ശീതളപാനീയത്തിന്റെ കുപ്പിയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സേഹോര്‍ ജില്ലയിലെ ഇച്ചവാര്‍ സ്വദേശിനിയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭോപ്പാലിലെ പ്രഗതി നഗറില്‍ ഒരു യുവാവിനൊപ്പം വാടക കെട്ടിടത്തില്‍ താമസിച്ച് വരിയായിരുന്നു ഇവര്‍. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഒറ്റമുറി വീട്ടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നഗ്നയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു.

യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരായിരിക്കാം എന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. ഇവര്‍ വിവാഹിതരാണോ എന്ന് ഇതുവരെയും വ്യക്തമല്ല. അയല്‍വാസികളുമായി അടുപ്പം ഇല്ലാതിരുന്ന ഇരുവരും മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. യുവതി മുഴുവന്‍ സമയവും വീട്ടിലായിരുന്നുവെന്നും യുവാവിന് കൂലിപ്പണിയാണെന്നും നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അശോക ഗാര്‍ഡന്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ