ചെന്നൈ: ഓടുന്ന വാഹനത്തില്‍ നിന്നും യുവതിയെ തള്ളിയിട്ടു. തമിഴ്‌നാട്ടിലെ കൊയമ്പത്തൂരിലാണ് സംഭവം. തന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും ചേര്‍ന്നാണ് തന്നെ തള്ളിയിട്ടതെന്നാണ് യുവതി ആരോപിക്കുന്നത്. കഴിഞ്ഞമാസായിരുന്നു സംഭവം. തന്നെ അവര്‍ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ആരതി അരുണ്‍ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അകന്ന് താമസിക്കുകയായിരുന്നു ആരതി. കഴിഞ്ഞ മാസം പുതിയൊരു തുടക്കമമെന്ന ഭര്‍ത്താവ് അരുണ്‍ ജൂഡ് അമല്‍രാജിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് ആരതി തിരികെ വരുന്നത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടാകുന്നത്. അരുണിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളും മാതാപിതാക്കളും ഒരുമാസത്തോളമായി ഒളിവിലാണ്.

2008 ലായിരുന്നു ആരതിയുടേയും അരുണിന്റേയും വിവാഹം. ആറ് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം പിരിയാന്‍ ആരതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈയിലെ സ്വന്തം അച്ഛന്റേയും അമ്മയുടേയും വീട്ടിലേക്ക് ആരതി മടങ്ങി. ഈ സമയം, ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. കേസ് നിലനില്‍ക്കെ തന്നെയായിരുന്നു അരുണിന്റെ അപേക്ഷയെ തുടര്‍ന്ന് ആരതി വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തയ്യാറായത്.

ഒരുമിച്ചതിന് പിന്നാലെ ഊട്ടിയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു. യാത്രക്കിടെ ഭര്‍ത്താവ് ദേഷ്യപ്പെടുകയും തന്നേയും മക്കളേയും അസഭ്യം പറയുകയുമായിരുന്നുവെന്നും ആരതി പറയുന്നു. തുടര്‍ന്ന് ഊട്ടിയിലെ പൊലീസിന് പരാതി നല്‍കി. എന്നാല്‍ അരുണ്‍ മാപ്പ് എഴുതി നല്‍കിയതോടെ ഇവര്‍ക്കൊപ്പം തന്നെ മടങ്ങി. മെയ് 9 നായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തന്റെ മാതാപിതാക്കളെ ആരതിയില്‍ നിന്നും അകറ്റി നിര്‍ത്തുമെന്ന് അരുണ്‍ എഴുതി നല്‍കിയിരുന്നു. എന്നിട്ടും അവരെ അരുണ്‍ കാറില്‍ കൊണ്ടു വന്നു. ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു കാറില്‍ നിന്നും തള്ളി താഴെ ഇട്ടത്.

സഹോദരിയുടെ വീടിന് പുറത്ത് വച്ചാണ് ആരതിയെ കാറില്‍ നിന്നും തളൡപുറത്തിടുന്നത്. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡിലേക്കായിരുന്നു ആരതിയെ തള്ളിയിട്ടത്. ആരതിയുടെ തലയ്ക്കും കാല്‍ മുട്ടിനും പരുക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook