ലക്‌നൗ: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ മരത്തിൽ കെട്ടിയിട്ടശേഷം ലെതർ ബെൽറ്റുകൊണ്ട് പരസ്യമായി മർദിച്ചു. നാട്ടുകൂട്ടം വിധിച്ച ശിക്ഷ പ്രകാരമാണ് ഇങ്ങനെ ചെയ്തത്. ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ ജില്ലയിലാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതിനുപിന്നാലെ മുൻ പഞ്ചായത്ത് മുഖ്യൻ ഷേർ സിങ്, അയാളുടെ മകൻ ശ്രാവൺ, യുവതിയുടെ ഭർത്താവ് ഷൗദാൻ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 18 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായും അതിൽ 12 പേരെ തിരിച്ചറിഞ്ഞതായും ബുലന്ത്ഷഹർ സൂപ്രണ്ട് ഓഫ് പൊലീസ് പ്രവീൺ രഞ്ജൻ സിങ് പറഞ്ഞു. യുവതിയെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് പഞ്ചായത്ത് ശിക്ഷ വിധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മാർച്ച് 10 നാണ് ഉത്തർപ്രദേശിന്റെ തലസ്ഥാനനഗരമായ ലക്‌നൗവിൽ നിന്നും 400 കിലോമീറ്റർ അകലെയുളള ലൗങ്ക ഗ്രാമത്തിൽ ഈ സംഭവം നടന്നത്. മരത്തിൽ യുവതിയുടെ കൈകൾ കെട്ടിയിട്ടശേഷം ലെതർ ബെൽറ്റുകൊണ്ട് മർദിക്കുകയായിരുന്നു. അടികൊണ്ട യുവതി വേദന കൊണ്ട് നിലവിളിക്കുന്നത് പുറത്തുവന്ന 73 സെക്കന്റ് ദൈർഘ്യമുളള വീഡിയോയിൽ ഉണ്ട്.

സംഭവത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം കഴിയുന്ന യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ അയൽവാസിയായ ധർമേന്ദ്ര ലോധി എന്നയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് മാർച്ച് 5 മുതൽ തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ഞങ്ങളെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാൽ അവിടെ ചെന്നപ്പോൾ നാട്ടുകൂട്ടം കൂടി ശിക്ഷ വിധിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

മർദനത്തിനുശേഷം ഗ്രാമ മുഖ്യനും അയാളുടെ കൂട്ടാളികളും ചേർന്ന് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. മറ്റുളളവർക്ക് ഒരു പാഠമായിരിക്കാൻ ബെൽറ്റ് ഉപയോഗിച്ച് തന്നെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനും ഗ്രാമ മുഖ്യൻ ഷേർ സിങ് കൂട്ടാളികളോട് ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ