ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മിൽ കൈയാങ്കളി. വൈകിയെത്തിയ യാത്രക്കാരിയും എയർ ഇന്ത്യ ഡ്യൂട്ടി മാനേജരുമാണ് തമ്മിലടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വൈകിയെത്തിയ യാത്രക്കാരിക്ക് പ്രവേശനാനുമതി നിഷേധിച്ചതാണ് വാക്കേറ്റത്തിലും പരസ്പരം അടിപിടിയിലും കലാശിച്ചത്. പുലർച്ചെ അഞ്ചിനു പോകേണ്ടിയിരുന്ന എയർ ഇന്ത്യ ഡൽഹി–അഹമ്മദാബാദ് ഫ്ലൈറ്റിലാണ് യാത്രക്കാരി ടിക്കറ്റ് ബുക്കു ചെയ്തിരുന്നത്. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യണമെന്നറിയിച്ചിരുന്നെങ്കിലും വിമാനം പുറപ്പെടുന്നതിനു 40 മിനിറ്റു മുൻപു മാത്രമാണ് യാത്രക്കാരി എത്തിയത്. ഇതിനെത്തുടർന്ന് വാക്കേറ്റമായി.
പിന്നാലെ എയർ ഇന്ത്യയുടെ വനിതാ ഡ്യൂട്ടി മാനേജരുടെ അടുത്തേക്ക് ഇവരെ അയച്ചു. അവിടെ വച്ചാണ് വാക്കേറ്റം ശക്തമായത്. ആദ്യം യാത്രക്കാരി മാനേജരെ തല്ലുകയും അവർ തിരിച്ചു തല്ലുകയും ചെയ്തതോടെ മറ്റുള്ളവർ ചേർന്നു പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഇരുവരും പരസ്പരം മാപ്പുപറഞ്ഞു. പ്രശ്നം സൗഹാർദ്ദപരമായി അവസാനിപ്പിച്ചെന്നും എയർപോർട്ട് പൊലീസ് പറഞ്ഞു.
ആഭ്യന്തര യാത്രയാണെങ്കിൽ വിമാനം പുറപ്പെടുന്നതിനു 45 മിനിറ്റ് മുൻപ് എയർ ഇന്ത്യയുടെ ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും. വിദേശയാത്രയാണെങ്കിൽ 75 മിനിറ്റ് മുൻപും. ആഭ്യന്തര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 75 മിനിറ്റു മുൻപ് റിപ്പോർട്ട് ചെയ്യണമെന്നാണ് എയർ ഇന്ത്യ അനുശാസിക്കുന്നത്. രാജ്യാന്തര യാത്രക്കാർക്ക് അത് 150 മിനിറ്റാണ്.