ഭോപ്പാൽ: പശുക്കുട്ടി ചത്തതിന് പ്രായശ്ചിത്തമായി ഗൃഹനാഥയോട് ഭിക്ഷയെടുക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. മധ്യപ്രദേശിലെ ബിന്ദ് ടൗണിലെ കാപ് (പഞ്ചായത്ത്) ആണ് 50 കാരിയായ കംലേഷ് ശ്രീവാസിനോട് ഏഴു ദിവസം ഭിക്ഷയെടുക്കാൻ ഉത്തരവ് നൽകിയത്. പശുക്കുട്ടി ചത്തതിന്റെ പാപം കളയാനായി ഗംഗയിൽ പോയി സ്നാനം ചെയ്യാനുളള പണം സ്വരൂപിക്കുന്നതിന് ബിന്ദിന് സമീപത്തെ ഗ്രാമങ്ങളിൽ ചെന്ന് 7 ദിവസം ഭിക്ഷയെടുക്കണമെന്നാണ് പഞ്ചായത്തിന്റെ കൽപന.

വെളളിയാഴ്ച രാവിലെയായിരുന്നു കംലേഷിന്റെ വീട്ടിലെ പശുക്കുട്ടി ചത്തത്. അമ്മയിൽനിന്നും പശുക്കുട്ടിയെ മാറ്റാനായി ശ്രമിക്കുമ്പോൾ അബദ്ധത്തിൽ കയർ പശുക്കുട്ടിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. പശുക്കുട്ടി ചത്ത വിവരം അറിഞ്ഞതോടെ നായ് സമുദായം പഞ്ചായത്ത് കൂടി. കംലേഷിന് ഭിക്ഷയെടുക്കാൻ ശിക്ഷ വിധിക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ ഉത്തരവിനെതിരെ രംഗത്തുവന്നെങ്കിലും ആരും താൻ പറയുന്നത് കേൾക്കാൻ തയാറായില്ലെന്ന് ബിന്ദ് ടൗണിലെ മുൻസിപ്പൽ കൗൺസിലർ മുകേഷ് ഗാർഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പശുക്കുട്ടി ചത്തത് അബദ്ധത്തിലാണ്. ശിക്ഷാവിധി കഴിഞ്ഞ് 24 മണിക്കൂറിനുശേഷം കംലേഷ് വീട്ടിൽ മടങ്ങിയെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ