ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു. കാമുകനൊപ്പം ചേർന്നാണ് അനിതയെന്ന യുവതി ഭർത്താവിനെ കൊന്നത്. കൊന്ന ശേഷം കോവിഡ് ബാധിച്ചാണ് ഭർത്താവ് മരിച്ചതെന്ന് യുവതി പ്രചരിപ്പിക്കുകയായിരുന്നു.

നോർത്ത് വെസ്റ്റ് ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. 46 വയസ്സുള്ള ശരത് ദാസിനെ മുപ്പതുകാരിയായ ഭാര്യയും അവരുടെ കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ചാണ് കൊന്നത്. ഭർത്താവ് മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് യുവതി പ്രചരിപ്പിച്ചെങ്കിലും അയൽവാസികൾക്ക് സംശയമുണ്ടായി. അയൽവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് കള്ളി വെളിച്ചത്തായത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ് ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തറിയുന്നത്.

Read Also: ഐഡിയ കൊള്ളാം; വട്ടത്തിനുള്ളിൽ ഹെൽമറ്റ് വച്ച് കുടിയൻമാർ

അശോക് വിഹാറിൽ ഒരു ചെറിയ കട നടത്തിയിരുന്ന വ്യക്തിയാണ് ശരത് ദാസ്. മേയ് രണ്ടിനാണ് ഇയാളുടെ മരണവാർത്ത പുറത്തറിയുന്നത്. മേയ് രണ്ടിനു രാവിലെ തന്റെ ഭർത്താവ് മരിച്ച വിവരം യുവതി അയൽവാസികളെ അറിയിച്ചു. രാവിലെ എഴുന്നേറ്റപ്പോൾ ഭർത്താവ് അനക്കമില്ലാതെ കിടക്കുകയായിരുന്നെന്നും കോവിഡ് ബാധിച്ചാണ് മരിച്ചതെന്നും യുവതി എല്ലാവരോടും പറഞ്ഞു. കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന സംശയം യുവതി ഉന്നയിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തത്. അശോക് ദാസ് ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ ഡൽഹി പൊലീസ് അനിതയെ ചോദ്യം ചെയ്‌തു.

ആദ്യ ചോദ്യം ചെയ്യലിൽ അനിത സഹകരിച്ചില്ല. എന്നാൽ, പിന്നീട് അനിതയ്‌ക്ക് കുറ്റസമ്മതം നടത്തേണ്ടിവന്നു. കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ കയ്യിലുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അനിതയുടെ മറുപടി. ശരത് ദാസിന് കോവിഡ് ലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലായിരുന്നു എന്ന് നാട്ടുകാരും പറയുന്നു.

Read Also: റെയിൽവെ ട്രാക്കിൽ ഉറങ്ങികിടന്നവരുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊന്നതെന്നും അനിത പിന്നീട് കുറ്റസമ്മതം നടത്തി. മേയ് ഒന്നിനു രാത്രി ഭർത്താവ് ഉറങ്ങി കഴിഞ്ഞപ്പോൾ അനിത കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു പുതപ്പുകൊണ്ട് ശരത്തിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നും അനിത പറഞ്ഞു. മേയ് ഒന്നിനു രാത്രി തന്നെ ശരത്തിനെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹത്തിനൊപ്പം രാത്രി മുഴുവൻ കിടന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഭർത്താവ് മരിച്ചെന്ന് അയൽവാസികളോട് പറയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook