മുംബൈ: വേശ്യാവൃത്തി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോയ്സർ പൊലീസ് മുംബൈയിലെ ഫരീദ ഭാരതിയുടെ (43) വീട്ടിലെത്തിയത്. ആദ്യത്തെ റെയ്ഡിൽ സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട 4 സ്ത്രീകളെ പൊലീസ് രക്ഷിച്ചു. രണ്ടാമത്തെ റെയ്ഡിലാണ് പൊലീസിനെപ്പോലും ഞെട്ടിച്ച സംഭവം ഉണ്ടായത്.

ഫരീദയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്നും പൊലീസ് കണ്ടെടുത്തത് അവരുടെ ഭർത്താവിന്റെ അസ്ഥികൂടം. ഭർത്താവിനെ കൊന്നശേഷം ഫരീദ മൃദേഹം സെപ്റ്റിക് ടാങ്കിൽ ഇടുകയായിരുന്നു. 13 വർഷമാണ് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കിടന്നത്.

തിങ്കളാഴ്ചയാണ് ആദ്യത്തെ റെയ്ഡ് നടത്തിയത്. 4 സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തുകയും ഫരീദയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മറ്റൊരു വിവരം കിട്ടി. ഭർത്താവ് ഉൾപ്പെടെ നിരവധി പേരെ ഫരീദ കൊന്നുവെന്നായിരുന്നു വിവരം ലഭിച്ചതെന്ന് ബോയ്സർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കിരൺ കബാഡി പറഞ്ഞു. ചോദ്യം ചെയ്യലിൽ ഫരീദ ഭർത്താവ് സാഹ്ദവിനെ (30) കൊന്നതായി സമ്മതിച്ചു.

13 വർഷങ്ങൾക്കു മുൻപാണ് ഭർത്താവിനെ കൊന്നതെന്നും മൃതദേഹം ബാത്റൂമിനടുത്തുളള സെപ്റ്റിക് ടാങ്കിൽ തളളിയെന്നും ഫരീദ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഉറക്കത്തിനിടയിൽ തലയ്ക്കടിച്ചാണ് ഭർത്താവിനെ കൊന്നതെന്നും ഫരീദ പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം, കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും കബാഡി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ