ധാക്ക: ബംഗ്ലാദേശില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ അജ്ഞാതര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഒരു ടെലിവിഷന്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സുബര്‍ണ നോദിയാണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. സ്വകാര്യ വാര്‍ത്താ ചാനലായ ആനന്ദ ടിവിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്നു നോദി. ധാക്കയിലെ പാബ്ന ജില്ലയിലെ രാധാനഗറിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന നോദിയ്ക്ക് ഒമ്പത് വയസുളള മകള്‍ മാത്രമാണുളളത്. ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കോളിങ് ബെല്‍ അടിച്ച് കാത്തു നിന്നു, നോദി വാതില്‍ തുറന്നയുടനെ ഇവര്‍ അക്രമം നടത്തുകയായിരുന്നു. വെട്ടിയ ഉടനെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
മൂര്‍ച്ചയേറിയ വാളുകള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നോദിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന അപലപിച്ചു. എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.