കാഠ്മണ്ഡു: ആര്‍ത്തവകാലത്തെ ‘അശുദ്ധി’ ആചരിക്കുന്നതിന്റെ ഭാഗമായി ദിവസങ്ങളോളം വീടിന് പുറത്തെ തുറന്ന ഷെഡ്ഡില്‍ കഴിയേണ്ടി വന്ന യുവതി കൊടുംതണുപ്പ് താങ്ങാനാവാതെ മരിച്ചു. നേപ്പാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
തണുപ്പിനെ ചെറുക്കാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണ് മരണ കാരണമെന്ന് സര്‍ക്കാര്‍ വക്താവ് തുള് ബഹദൂര്‍ കച്ച പറഞ്ഞു. ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഇവിടുത്തെ ഗ്രാമങ്ങളില്‍ പതിവാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ത്തവകാലത്ത് സ്ത്രീകള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ദൈവകോപമുണ്ടാകുമെന്ന ഹിന്ദുവിശ്വാസികള്‍ക്കിടയിലെ അന്ധവിശ്വാസമാണ് ഈ വിവേചനത്തിനു പിന്നില്‍. അതിനാല്‍ ഈ സമയത്ത് സ്ത്രീകളെ വീടുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കും. അന്തരീക്ഷ താപനില പൂജ്യത്തിനും താഴെയെത്തിയ ഈ ‘ആചാരം’ തുടര്‍ന്നു പോന്നു. വീടിന് പുറത്തുള്ള തുറന്ന ഷെഡ്ഡിലാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ താമസിക്കുന്നത്. തണുപ്പിനെ ചെറുക്കാനുള്ള യാതൊരു സംവിധാനവും ഇത്തരം ഷെഡ്ഡുകളില്‍ ഉണ്ടാകാറില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത്തരം സംഭവങ്ങളെ കുറ്റകൃത്യമായി കണക്കാക്കി തടവും പിഴയും നല്കുന്ന പുതിയ നിയമം രാജ്യത്ത് നിലവില്‍ വന്നത്. മൂന്നു മാസം ജയില്‍ ശിക്ഷയും 3000 നേപ്പാളി രൂപ പിഴയുമാണ് ശിക്ഷ. ഈ നിയമം നിലനില്‍ക്കെയാണ് ഇത്തരത്തിലൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.