വാഷിങ്ടണ്‍: അമേരിക്കയിലെ അരിസോണയില്‍ കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി ഗര്‍ഭിണിയായി പ്രസവിച്ചത്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടേയും ഡിഎന്‍എ പൊലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

യുവതി ഗര്‍ഭിണിയാണെന്ന വിവരം തങ്ങളും അറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രിയിലെ ജീവനക്കാരും വ്യക്തമാക്കുന്നത്. പ്രസവത്തോട് അടുത്തപ്പോള്‍ മാത്രമാണ് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. യുവതിയുടെ ഞരക്കം കേട്ട് പരിശോധന നടത്തിയപ്പോള്‍ മാത്രമാണ് ഇവര്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നാണ് നഴ്സുമാര്‍ അറിയിച്ചത്. ഇതിന് പിന്നാലെ ഡിസംബര്‍ 29ന് യുവതിക്ക് ആണ്‍കുട്ടി ജനിച്ചു. യുവതിയുടെ കുടുംബം സംഭവത്തില്‍ അതീവ ഞെട്ടലിലാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും കുഞ്ഞിനെ കുടുംബം സംരക്ഷിക്കും. സംഭവത്തിന് പിന്നാലെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ബില്‍ ടിമ്മന്‍സ് രാജിവച്ചു.

നദിയില്‍ മുങ്ങിയുണ്ടായ അപകടത്തെ തുടര്‍ന്ന് 14 വര്‍ഷമായി അനക്കമില്ലാതെ കിടന്നിരുന്ന യുവതിയാണ് പ്രസവിച്ചത്. 24 മണിക്കൂറും പരിചരണം വേണ്ടിയിരുന്ന യുവതിയെ നിരവധി ആശുപത്രി ജീവനക്കാരാണ് നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ ആരാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

‘ഖേദകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് ഞങ്ങള്‍ക്ക് അറിയിക്കാനുളളത്. പൊലീസുമായി പൂര്‍ണമായും സഹകരിക്കും,’ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഹസിയെന്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ നേരത്തേയും രോഗികള്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളെ തുടര്‍ന്ന് 2013ല്‍ ആശുപത്രിക്ക് മെഡിക്കല്‍ ഫണ്ട് നിഷേധിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook