ന്യൂഡല്‍ഹി: സാവോ പോളോയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ യുവതിയുടെ പക്കല്‍ നിന്നും 900 ഗ്രാം കൊളംബിയന്‍ കൊക്കെയിന്‍ പിടിച്ചെടുത്തു. യുവതിയുടെ വയറ്റില്‍ നിന്നാണ് കൊക്കെയിന്‍ അടങ്ങിയ 74 ക്യാപ്സൂളുകള്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയേയും കൂടെ ഉണ്ടായിരുന്ന രണ്ട് നൈജീരിയക്കാരേയും നാര്‍ക്കോട്ടിക് നിയന്ത്രണ ബ്യൂറോ അറസ്റ്റ് ചെയ്തു. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലയേറിയ ലഹരിമരുന്നാണ് നാര്‍ക്കോട്ടിക് പിടികൂടിയത്. നാല് കോടി രൂപയാണ് പിടിച്ചെടുത്ത കൊക്കെയിനിന്റെ മൂല്യം കണക്കാക്കപ്പെടുന്നത്.
ഡല്‍ഹിയില്‍ ക്രിസ്മസ്-പുതുവത്സര പാര്‍ട്ടികള്‍ ലക്ഷ്യമിട്ടാണ് ഈ ലഹരിമരുന്നുകള്‍ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. പിടിയിലായ യുവതി ജമൈക്കന്‍ പൗരയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക് ഇവര്‍ക്കായി ഡല്‍ഹി വിമാനത്താവളത്തില്‍ വല വിരിച്ചത്.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി കണ്ട യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ആമാശയത്തില്‍ ക്യാപ്സൂളുകള്‍ കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook