ഹൈദരാബാദ്: കോവിഡ് -19 നെതിരായ വാക്സിൻ സ്വീകരിച്ച് 11 ദിവസത്തിന് ശേഷം തെലങ്കാനയിലെ 55 കാരിയായ ആരോഗ്യപ്രവർത്തക മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു മരണം. രോഗപ്രതിരോധ കുത്തിവയ്പെടുത്തതിന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ മരണമാണിത്. മരിച്ച ആരോഗ്യപ്രവർത്തകയ്ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വടക്കൻ തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ കാസിപേട്ട് സ്വദേശിയായ ഇവർ ജനുവരി 19 ന് കാസിപേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്. “ജനുവരി 29 ന് ശ്വാസതടസ്സം, തലകറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം ഹൈദരാബാദിലെ നിസാമിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (നിംസ്) റഫർ ചെയ്തു,” പബ്ലിക് ഹെൽത്ത് ഡയറക്ടർ പ്രസ്താവനയിൽ പറയുന്നു.

Read More: കോവിഷീൽഡിനു പുറമെ മറ്റൊരു വാക്സിനുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്: കോവൊവാക്സ് ജൂണിൽ ലഭ്യമാക്കും

“നിംസിൽ വച്ച് ശനിയാഴ്ച (30.1.2021) രാത്രി ഏകദേശം 11 മണിക്കാണ് മരണം സംഭവിച്ചത്. കോവിഡ് വാക്സിനേഷൻ മൂലമല്ല, അടിസ്ഥാനപരമായ രോഗാവസ്ഥകളാണ് മരണകാരണമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു,” ഡോ. ജി.ശ്രീനിവാസ റാവുവിന്റെ പ്രസ്താവനയിൽ പറയുന്നു.

ഹൃദയാഘാതമാണ് മരണ കാരണമെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അണുബാധയുമുണ്ടായിരുന്നുവെന്നും പറയുന്നു.

നേരത്തെ നിർമ്മൽ ജില്ലയിൽ നിന്നുള്ള 42 കാരനായ ആംബുലൻസ് ഡ്രൈവറും വാറങ്കൽ ജില്ലയിൽ നിന്നുള്ള 45 കാരനായ ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്ത് മരിച്ചിരുന്നു. ഇരുവർക്കും ജനുവരി 19 നാണ് കുത്തിവയ്പ് നൽകിയത്. ആംബുലൻസ് ഡ്രൈവർ ഒരു ദിവസത്തിനുശേഷം മരിച്ചു. ആരോഗ്യ പ്രവർത്തകൻ ജനുവരി 23 ന് മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook