ആകാശത്തൊരു പ്രസവം എന്ന് കേൾക്കുമ്പോൾ അമ്പരക്കേണ്ട. കാര്യ വിമാനത്തിനകത്ത് തന്നെയാണ് പ്രസവം നടന്നത്. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും പൂർണ്ണ ആരോഗ്യവതിയാണെന്ന് പാക് എയർലൈൻസ് ട്വീറ്റ് ചെയ്തു.

സൗദി അറേബ്യയിലെ മദീനയിൽ നിന്നും മുൾട്ടാനിലേക്ക് പോയ പാക് എയർലൈൻസിന്റെ പികെ 716 വിമാനമാണ് പ്രസവത്തിന് സാക്ഷ്യം വഹിച്ചത്. “അദ്ഭുതങ്ങൾ എല്ലാദിവസവും സംഭവിക്കുന്നതാണ്. ഇന്ന് മദീനയിൽ നിന്നും മുൾട്ടാനിലേക്ക് വന്ന ഞങ്ങളുടെ പികെ 716 വിമാനത്തിലും ഒരു കുഞ്ഞ് അദ്ഭുതം ഉണ്ടായി. മാതാപിതാക്കളെ ഞങ്ങളീ അവസരത്തിൽ അഭിനന്ദിക്കുന്നു. അത്യാഹിത ഘട്ടത്തിൽ അവസരോചിതമായി പ്രവർത്തിച്ച വിമാന ജീവനക്കാരെയും അഭിനന്ദിക്കുന്നു”, വിമാനക്കമ്പനി ട്വീറ്റ് ചെയ്തു.

പ്രസവിച്ച സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ വിമാനക്കമ്പനി പങ്കുവച്ചിട്ടില്ല. ജൂണിൽ ഇന്ത്യയിലും സമാനമായ സംഭവം നടന്നിരുന്നു. മലയാളിയും കൊച്ചി സ്വദേശിനിയുമായ 29കാരിയാണ് സൗദിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ 36000 അടി ഉയരത്തിൽ നിന്നും പ്രസവിച്ചത്. ഇതേ തുടർന്ന് വിമാനം അടിയന്തിരമായി മുംബൈയിൽ ഇറക്കി.

ജെറ്റ് എയർവേസിന്റെ ബോയിംഗ് 737 വിമാനത്തിലായിരുന്നു ഈ സംഭവം. തുടർന്ന് ജറ്റ് എയർവേസ് ഈ കുഞ്ഞിന് ജീവിതകാലം മുഴുവൻ വിമാനടിക്കറ്റ് സൗജന്യമാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് പ്രസവം നടന്നത്. നാട്ടിലേക്ക് മടങ്ങിവരുകയായിരുന്ന മലയാളി നഴ്സാണ് പ്രസവത്തിന് സഹായിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ