ലണ്ടന്‍: ഈ വര്‍ഷമാദ്യം ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ യുവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ മാസമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. പ്ലാസ്റ്റിക് ബാഗ് കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡറില്‍ വച്ച് കണ്ടെത്തിയ സ്വവര്‍ഗരതിക്കാരനായ ആണ്‍ പങ്കാളിക്കൊപ്പം ജീവിക്കാനാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ മിഡില്‍സ്ബോറോയിലെ വീട്ടിലാണ് ഇന്ത്യക്കാരിയായ ഫാര്‍മസിസ്റ്റ് ജെസിക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34കാരിയായ ജെസിക്കയുടെ ദേഹത്ത് പരുക്കുകളും ഉണ്ടായിരുന്നു.

37കാരനായ മിതേഷ് പട്ടേല്‍ ആണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജെസിക്കയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് ഡോ.അമിത് പട്ടേല്‍ എന്ന കാമുകനൊപ്പം ഓസ്ട്രേലിയയിലേക്ക് മാറിത്താമസിക്കാനായിരുന്നു മിതേഷിന്റെ പദ്ധതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ‘പ്രാണപ്രിയന്‍’ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. പ്രതി ഇന്റര്‍നെറ്റില്‍ തിരഞ്ഞ കീവേഡുകളും അന്വേഷണസംഘം കോടതിയുടെ മുമ്പാകെ ചൂണ്ടിക്കാട്ടി. ‘എനിക്ക് എന്റെ ഭാര്യയെ കൊല്ലണം’, ‘ഇന്‍സുലിന്‍ ഓവര്‍ഡോസ്’, ‘എന്റെ ഭാര്യയെ കൊല്ലാനുളള പദ്ധതി’, ‘എത്ര അളവില്‍ മെത്തഡണ്‍ കൊണ്ട് കൊലപ്പെടുത്താനാവും’, എന്നൊക്കെയാണ് മിതേഷിന്റെ സെര്‍ച്ച് ഹിസ്റ്ററിലിയുളളത്.

2015 ജൂലൈയില്‍ അമിതിനോട് മിതേഷ് പറഞ്ഞ വാക്കുകളും അന്വേഷണ സംഘം കോടതിക്ക് മുമ്പാകെ അറിയിച്ചു. ‘അവളുടെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നാണ് സിഡ്നിയിലുളള കാമുകനോട് മിതേഷ് പറഞ്ഞത്. താന്‍ നിരപരാധിയാണെന്നും മോഷണശ്രമത്തിനിടെയാവാം ഭാര്യ കൊല്ലപ്പെട്ടതെന്നുമാണ് മിതേഷ് പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ മിതേഷിനെതിരെ ശക്തമായ തെളിവുകല്‍ ലഭിക്കുകയായിരുന്നു. ഇന്‍സുലിന്‍ കുത്തിവച്ചതിന് ശേഷമാണ് ശ്വാസം മുട്ടിച്ച് ജെസിക്കയെ കൊലപ്പെടുത്തിയത്. മിതേഷിന് മറ്റ് പല ആണ്‍സുഹൃത്തുക്കളുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ