ബെംഗളൂരു: 17കാരനേയും കൂട്ടി ഒളിച്ചോടിയ 24കാരിക്കെതിരെ പൊലീസ് കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്തുവെന്നും കാട്ടിയാണ് ബാലസുരക്ഷാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്. ഖനനപ്രദേശമായ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയാണ് യുവതി.

പ്രദേശത്ത് തന്നെയുളള കുട്ടിയേയും കൂട്ടിയാണ് ഇവര്‍ ഒളിച്ചോടിയത്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയെ ഇവര്‍ ലൈംഗികമായി ഉപയോഗിച്ചതായി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് കുടിവെളള വിതരണം നടത്തുന്നയാളാണ്. ഇവര്‍ക്ക് കുട്ടികളില്ല. 17കാരന്‍ ഈയടുത്താണ് പഠനം ഉപേക്ഷിച്ചത്.

ഒക്ടോബര്‍ 24നാണ് ഇരുവരേയും കാണാതായത്. അന്ന് യുവതിയുടെ ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കുട്ടിയുടെ പിതാവ് മകനെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കാനെത്തിയത്. യുവതിയേയും കാണാനില്ലെന്ന് അറിഞ്ഞ കൗമാരക്കാരന്റെ പിതാവാണ് സംശയം പ്രകടിപ്പിച്ചത്.

ഇരുവരും നേരത്തേ അറിയാമെന്നും യുവതി മകനുമായി അടുത്ത് ഇടപഴകാറുണ്ടെന്നും ഇയാള്‍ പരാതിപ്പെട്ടു. പിന്നാലെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതില്‍ നിന്ന് യുവതിയും കൗമാരക്കാരനും ആന്ധ്രപ്രദേശിലേക്കുളള ബസില്‍ കയറുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാല്‍ ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഇവര്‍ സ്ഥലം മാറി താമസിച്ചത് പൊലീസിനെ കുഴക്കി. എന്നാല്‍ നവംബര്‍ 13ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ