വാഷിങ്ടണ്‍: തലച്ചോറ് തിന്നുന്ന അമീബ പടര്‍ന്ന് 69കാരി മരിച്ചു. അമേരിക്കയിലെ സീറ്റിലിലാണ് സംഭവം. നസ്യം ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രത്യേക പാത്രം (നെറ്റി പോട്ട്- Neti Pot) ഉപയോഗിച്ച് മൂക്കിലൂടെ വെളളം ഒഴിച്ചിരുന്നതായി സ്ത്രീ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പൈപ്പ് വെളളം ഉപയോഗിച്ചാണ് കാലങ്ങളായി താന്‍ നസ്യം ചെയ്തതെന്നും ഇവര്‍ ഡോക്ടറോട് പറഞ്ഞു. പൊതുവെ സാലിന്‍ അല്ലെങ്കില്‍ തിളപ്പിച്ചാറ്റിയ വെളളമാണ് നസ്യത്തിനായി ഉപയോഗിക്കാറുളളത്. നാസ്യ ദ്വാരത്തിലൂടെ കടന്ന അമീബ രക്തത്തിലൂടെ സ്ത്രീയുടെ തലച്ചോറില്‍ പ്രവേശിച്ചതായാണ് ഡോക്ടര്‍മാരുടെ നിഗമനം.

ഇത് വളരെ അപൂര്‍വ്വമായ അപകടമാണെന്നും എന്നാല്‍ നസ്യത്തിനായി പാത്രവും വെളളവും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്വീഡിഷ് മെഡിക്കല്‍ സെന്ററില്‍ നിന്നുളള നാഡീരോഗ വിദഗ്‌ധന്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് നാഡിരോഗ വിദഗ്ധനായ ഡോ. ചാള്‍സ് കോബ്സിന്റെ അടുത്ത് 69കാരി എത്തുന്നത്. രോഗിക്ക് തലച്ചോറില്‍ മുഴ ഉണ്ടാകുമെന്നാണ് ഡോക്ടര്‍ ആദ്യം കരുതിയത്. നേരത്തേ സ്തനാര്‍ബുദത്തില്‍ നിന്നും ഇവര്‍ മുക്തി നേടിയത് കൊണ്ടും ഡോക്ടര്‍ ഈ നിഗമനത്തിലായിരുന്നു. മൂക്കില്‍ ഭേദമാകാത്ത ഒരു വ്രണവും പ്രത്യക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ ഒരു നാണയത്തിന്റെ വലുപ്പമുളള മുഴ ഡോക്ടര്‍ നീക്കം ചെയ്തു. സംശയം തോന്നിയതിനെ തുടര്‍ന്ന് മുഴയുടെ സാമ്പിള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് അയച്ചു. അമീബ പടര്‍ന്നതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇതിന് പിന്നാലെ രോഗിയുടെ നില വഷളായി. രണ്ടാഴ്ചയ്ക്ക് ശേഷം സ്ത്രീയെ ഓപ്പറേഷന്‍ ചെയ്തപ്പോള്‍ ലഭിച്ചത് ഒരു ക്രിക്കറ്റ് ബോളിന്റെ വലുപ്പമുളള മുഴയായിരുന്നു.

തുടര്‍ന്ന് 69കാരിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാലിന്യം കലര്‍ന്ന വെള്ളത്തില്‍ കുളിക്കുമ്പോള്‍ മൂക്കിലൂടെയാണ് തലച്ചോറില്‍ അമീബ പടരുന്നത്. രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരില്ല. മൂക്കിലെ സ്തരം വഴി ഇവ തലച്ചോറിലേക്കാണ് എത്തുന്നത്. തലവേദന, കഴുത്ത് വേദന, പനി, വയറു വേദന എന്നിങ്ങനെ ലഘുവായ രോഗലക്ഷണങ്ങളോടെയായിരിക്കും തുടക്കം. എന്നാല്‍ വളരെ അപൂർവ്വമായാണ് നസ്യം ചെയ്യുമ്പോള്‍ അമീബ പടരുന്നത്. മലിനജലത്തില്‍ നീന്തുന്നവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്.

2002നും 2011നുമിടയില്‍ അമേരിക്കയില്‍ 32പേര്‍ക്ക് രോഗം ബാധിച്ചതായി അമേരിക്കയുടെ രോഗനിയന്ത്രണ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. കുളം, പുഴ, സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളിലാണ് ഈ അമീബയെ കണ്ടുവരുന്നത്. ഉഷ്ണജലപ്രവാഹങ്ങളിലും കാണുന്നു. കടലില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ