ബീജിംങ്: കാറോടിക്കാന്‍ പഠിച്ചതിന് ശേഷമായിരിക്കും ഭൂരിഭാഗം പേരും പുതിയ കാര്‍ വാങ്ങുക. എന്നാല്‍ സ്വന്തമായൊരു കാര്‍ വാങ്ങിയിട്ട് ഡ്രൈവിംഗ് പഠിക്കുന്നവരും ഉണ്ട്. എന്നാല്‍ ഡ്രൈവിംഗ് നന്നായി പഠിച്ചില്ലെങ്കിലും കുഴപ്പമില്ല, പുതുതായി വാങ്ങിയ കാര്‍ ഷോറൂമില്‍ നിന്ന് വീട്ടിലെത്തിക്കാനുളള പരിശീലനം എങ്കിലും നേടിയില്ലെങ്കില്‍ സംഗതി കൈവിട്ട് പോകും. ചൈനയില്‍ നിന്നുളള ഒരു സംഭവമാണ് ഇപ്പോള്‍ കാര്‍ പ്രേമികളുടെ കണ്ണ് നിറച്ചത്.

ഷോറൂമില്‍ നിന്നും ഇറക്കി മിനുട്ടുകള്‍ക്കുളളിലാണ് യുവതിയുടെ ഫെരാരി കാര്‍ അപകടത്തില്‍ പെട്ടത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് യുവതി ഷോറൂമില്‍ നിന്നും വണ്ടി എടുക്കാനെത്തിയത്. എന്നാല്‍ വണ്ടി എടുത്ത് വീട്ടിലേക്കുളള വഴിയാണ് അപകടം ഉണ്ടായത്. യുവതിക്കും മറ്റ് യാത്രക്കാര്‍ക്കും നിസാരമായ പരുക്കുകള്‍ മാത്രമാണ് പറ്റിയതെങ്കിലും ഫെരാരി കാര്‍ തവിടുപൊടിയായി.

ഫെരാരി 458 മോഡല്‍ കാറാണ് യുവതി വാങ്ങിയത്. ചൈനയില്‍ ഇറക്കുമതി ചെലവ് അടക്കം 5 ലക്ഷം പൗണ്ട് (4.5 കോടി രൂപ) ആണ് കാറിന്റെ വില. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ടാണ് കോടികള്‍ തകര്‍ന്ന കാറിന്റെ രൂപത്തിലായത്. ചുവപ്പ് നിറത്തിലുളള ഫെരാരി സ്പോര്‍ട്സ് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൂടാതെ സമീപത്ത് കൂടെ പോയ ബിഎം ഡബ്ല്യു എക്സ്3 കാറിലും ഇടിച്ചു. നിയന്ത്രണം വിട്ട ബിഎംഡബ്ല്യു ഒരു കറുത്ത നിസാന്‍ സലൂണ്‍ കാറിലും ഇടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്റെ കോടികള്‍ വില വരുന്ന കാര്‍ തകര്‍ന്നതിന് പിന്നാലെ മറ്റ് രണ്ട് കാറുകള്‍ക്കും യുവതി നഷ്ടപരിഹാരം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ