മുംബൈ: ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവതി 30കാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. മുംബൈയിലെ ഡോമ്പിവാലിയിലാണ് സംഭവം നടന്നത്. രണ്ട് ആണ്‍സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതി അക്രമം നടത്തിയത്. 30കാരനായ യുവാവ് നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

ചൊവ്വാഴ്ച റെയിൽവേ ട്രാക്കിനടുത്തുളള ആളില്ലാത്ത സ്ഥലത്ത് വച്ചാണ് കുറ്റകൃത്യം നടത്തിയത്. യുവാവിനെ ‘ഒരു പാഠം പഠിപ്പിക്കാനാണ്’ താന്‍ ഇത് ചെയ്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഡോമ്പിവാലിയില്‍ യുവതിയുടെ വീടിന് നേരെ അക്രമം നടന്നു.

യുവാവിനെ പ്രതിയായ യുവതി റെയിൽവേ ട്രാക്കിനടുത്തുളള വിജനമായ സ്ഥലത്തേക്ക് ക്ഷണിക്കുകയായിരുന്നു. യുവതിയുടെ സുഹൃത്തുക്കളായ മുകേഷ് കാനിയ, തേജസ് മാത്രെ എന്നിവര്‍ നേരത്തേ ഇവിടെ വന്ന് ഒളിച്ചു നിന്നിരുന്നു. യുവാവ് സ്ഥലത്തെത്തിയതോടെ ഇരുവരുടേയും സഹായത്തോടെ യുവതി യുവാവിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ടു.

യുവാവിനെ മൂവരും ചേര്‍ന്ന് ചോദ്യം ചെയ്തതിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി മൂവരും സ്ഥലം വിടുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ടെത്തിയ ചിലരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് പൊലീസെത്തി ഇയാളെ ഡോമ്പിവ്ലിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമാണെന്നും ചികിത്സ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യുവതിയേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശല്യപ്പെടുത്തിയത് കൊണ്ടാണ് കുറ്റം ചെയ്തതെന്ന യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരും തമ്മില്‍ സാമ്പത്തികമായോ മറ്റോ ഇടപാടുകളുണ്ടായിരുന്നതായി പൊലീസ് പരിശോധിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook