ബിജ്നോര്‍: മധ്യപ്രദേശില്‍ 45കാരി സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. തര്‍സാമാ ജില്ലയിലാണ് സംഭവം നടന്നത്. ഗുഡ്ഢി തോമര്‍ എന്ന യുവതിയാണ് ഭക്തി മൂത്ത് നാവ് മുറിച്ചെടുത്തത്. ബുധനാഴ്‌ചയാണ് സംഭവം നടന്നത്. നാവ് മുറിച്ചെടുത്ത ഇവര്‍ ബിജാസെന്‍ മാതാ ക്ഷേത്രത്തിലാണ് നാവ് സമര്‍പ്പിച്ചത്. ദുര്‍ഗ ദേവിയുടെ ഭക്തയായ ഗുഡ്ഢിയെ ഇതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച ക്ഷേത്രത്തിലെത്തിയ ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കത്തിയെടുത്ത് നാവ് മുറിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ബോധം കെട്ട് വീണതായി പോര്‍സ പൊലീസ് വ്യക്തമാക്കി. ചോരയില്‍ കുളിച്ച് കിടന്ന യുവതിയെ ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റു വിശ്വാസികള്‍ മൊറേന ജില്ലാ ആശുപത്രിയിലെത്തിച്ചു. നാവ് തുന്നി ചേര്‍ക്കാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല. ഡോക്ടര്‍മാരും ഇതിനെ കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. മറ്റാരുടേയും പ്രേരണയില്‍ അല്ല യുവതി നാവ് മുറിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശ്വാസത്തിന്റെ പുറത്താണ് ഈ കടുംകൈ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

യുവതി വലിയൊരു ദുര്‍ഗ ഭക്തയാണെന്ന് ഇവരുടെ ഭര്‍ത്താവ് രവി തോമര്‍ പറഞ്ഞു. വിവാഹം നടന്ന അന്ന് മുതല്‍ രാവിലേയും വൈകിട്ടും യുവതി ദുര്‍ഗാ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളാണുളളത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ രാവിലേയും വൈകിട്ടും ഗുഡ്ഢി ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനാണെന്നും പറഞ്ഞാണ് പോയത്. നാവ് മുറിച്ചുമാറ്റുമെന്ന് കരുതിയതല്ല. ഉച്ചയ്ക്ക് ശേഷം നാവ് മുറിച്ചതായി അറിഞ്ഞാണ് സ്ഥലത്തെത്തിയത്’, രവി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook