ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഗര്‍ഭിണിയായ സത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പാതിവഴിയില്‍ പ്രസവിച്ചു. ഗതാഗതയോഗ്യമല്ലാത്ത റോഡിലൂടെ കുടുംബാംഗങ്ങള്‍ എടുത്തുകൊണ്ടാണ് മുത്തമ്മ എന്ന സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഇതിനിടയിലായിരുന്നു പ്രസവം നടന്നത്.
മുളകൊണ്ടുണ്ടാക്കിയ രണ്ടു തടികളില്‍ കയറും തുണിയും കെട്ടി അതില്‍ മുത്തമ്മയെ ഇരുത്തിയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. വിസിയനഗരം ജില്ലയിലാണ് സംഭവം. വനത്തിലൂടെ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം മുത്തമ്മയെ എടുത്തുകൊണ്ടു പോയത്.
എന്നാല്‍ മുത്തമ്മയ്ക്ക് പ്രസവവേദന സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ യാത്ര പകുതിയില്‍ നിര്‍ത്തുകയും മുത്തമ്മ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു.
വഴി ഗതാഗതയോഗ്യമല്ലെന്ന് ചുണ്ടിക്കാണിച്ച് ഇവര്‍ നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഗര്‍ണിണികളെയും രോഗബാധിതരേയും എടുത്തുകൊണ്ടു പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
താമസസ്ഥലത്തുനിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. എന്നാല്‍ നാലുകിലോമീറ്റര്‍ ദൂരം എത്തിയപ്പോഴാണ് മുത്തമ്മ പ്രസവിച്ചത്. മൂന്നുമാസം മുമ്പ് ജൂലൈ 29ന് മറ്റൊരു ഗര്‍ഭിണിയായ യുവതിയുമായി ഇവര്‍ 12 കിലോമീറ്ററോളം യാത്ര ചെയ്താണ് ആശുപത്രിയില്‍ എത്തിയത്.