ന്യൂഡല്‍ഹി: തന്നെ വിവാഹം കഴിക്കാനും ലൈംഗിക ബന്ധത്തിലേർപ്പെടാനും തയ്യാറാകാത്ത യുവാവിന്റെ ജനനനേന്ദ്രിയം കാമുകി മുറിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലിംഗഛേദത്തിന് ഇരയായ യുവാവിനെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകട നില തരണം ചെയ്‌തെങ്കിലും ലിംഗം വെച്ചു പിടിപ്പിക്കാൻ സാധിക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

കച്ചവടക്കാരനായ 35 കാരൻ യുവാവിനാണ് ദുർഗതി ഉണ്ടായത്. 22 കാരിയായ യുവതിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ചാണ് യുവതി താമസിക്കുന്ന ഫ്‌ളാറ്റില്‍ രാത്രി ഇയാൾ എത്തിയത്. വിവാഹത്തെച്ചൊല്ലി യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്നു.

ശേഷം യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ ഇത് നിഷേധിച്ചപ്പോള്‍ അടുക്കളയിലിരുന്ന കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും ലൈംഗിക ബന്ധത്തിന് സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു.

ഈ സമയം മുഴുവന്‍ യുവതിയുടെ സഹോദരനും ഭാര്യയും കൃത്യം ചെയ്യാന്‍ യുവതിക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.രക്തം വാര്‍ന്നൊഴുകിയ യുവാവ് വീട്ടില്‍ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോള്‍ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് ബോധരഹിതനായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സെക്ഷന്‍ 326 പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തു.യുവതിയും കുടുംബവും സംഭവത്തിനു ശേഷം ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ