ന്യൂഡല്‍ഹി :  യോഗി ആദിത്യനാഥിന്‍റെ  തിരഞ്ഞെടുപ്പ് റാലിക്കെത്തിയ മുസ്ലീം സ്ത്രീയോട് ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ബലിയയില്‍ നടന്ന സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവ് നല്‍കിയിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. വീഡിയോയില്‍ പൊലീസുകാരിയായ മുസ്ലീം സ്ത്രീയോട് എന്തോ സംസാരിക്കുന്നതായും അല്‍പ്പസമയത്തിനു ശേഷം സ്ത്രീ ബുര്‍ഖ അഴിച്ചുമാറ്റുന്നതായും കാണാം.

സംഭവത്തിന്‍റെ പേരില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്രന്‍ വിക്രം അറിയിച്ചു ” അന്വേഷണത്തിനു ശേഷം വേണ്ട നടപടി സ്വീകരിക്കും” അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭാരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്യാനാണ് മുഖ്യമന്ത്രി യോഗി എത്തിയത്.

എന്നാല്‍ മുസ്ലീം സ്ത്രീക്ക് നേരെ ഇങ്ങനെയൊരു സംഭാവന്‍ നടന്നതായി തനിക്ക് ഇതുവരെ യാതൊരുവിധ അറിവും ലഭിച്ചിട്ടില്ല എന്ന് ബലിയ എസ് പി അനില്‍കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. “എന്തിരുന്നാലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ റാലിയില്‍ ആരും കരിംകൊടി കാണിക്കരുത് എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് എങ്കില്‍ വേണ്ട നടപടി സ്വീകരിക്കുന്നതായിരിക്കും. ” അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബുര്‍ഖ അഴിപ്പിച്ച സ്ത്രീയുടെ പേര് സൈറ എന്നാണെന്ന് തിരിച്ചറിഞ്ഞു. താനൊരു ബിജെപി പ്രവര്‍ത്തകയാണ് എന്ന് പറഞ്ഞ സൈറ, റാലിക്കായി ‘പാരമ്പര്യ വസ്ത്രത്തില്‍’ വരികയായിരുന്നു എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ തന്നോട് കറുത്ത ബുര്‍ഖ അഴിച്ചുമാറ്റുവാന്‍ ആവിശ്യപ്പെടുകയായിരുന്നു എന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ