ചെന്നൈ: രണ്ടു വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയെ ആന്ധ്രാപ്രദേശിൽനിന്നു തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്തു നിന്നുമുള്ള പ്രത്യേക പൊലീസ് സംഘം ഞായറാഴ്ചയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രണ്ടു വയസുള്ള മകനെ ഇവർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
ഭർത്താവുമായുള്ള പ്രശ്നത്തെത്തുടർന്നാണ് തുളസിയെന്ന ഇരുപത്തി രണ്ടുകാരി മകനെ മർദിച്ചതെന്നാണ് വിവരം. ഇവരെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഉള്ള അമ്മ വീട്ടിൽനിന്നുമാണ് പൊലീസ് പിടികൂടിയത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഇവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ശിശുക്ഷേമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
ഭർത്താവ് വടിവാഴഗൻ (37) തുളസിക്കെതിരെ രണ്ടു ദിവസം മുമ്പ് സത്യമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും തുടർന്ന് 40 ദിവസം മുൻപ് തുളസിയെ അമ്മയുടെ വീട്ടിൽ കൊണ്ടാക്കിയതായും പരാതിയിൽ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 28നാണ് തുളസി ഇളയ കുട്ടിയെ നിഷ്കരുണം മർദിക്കുന്നതിന്റെ വീഡിയോ ഭർത്താവ് അവരുടെ ഫോണിൽ കാണാൻ ഇടയായത്. ഫെബ്രുവരി 22ന് കുട്ടിയുടെ കാൽമുട്ടിന് പരുക്കേറ്റതായും വൈദ്യചികിത്സ നൽകിയതായും അതിനുമുമ്പ് വായിലും മറ്റും മുറിവുകൾ കണ്ടതായും വടിവഴകൻ പറഞ്ഞു. വീഡിയോകൾ കണ്ടതിനുശേഷം ശേഷമാണ് തുളസിയുടെ മർദനത്തിൽനിന്നുണ്ടായ പരുക്കുകളാകാം അതെന്ന് വടിവാഴഗൻ മനസിലാക്കിയത്.
Also read: കുട്ടികളിലെ കോവോവാക്സ് പരീക്ഷണത്തിനായുള്ള സന്നദ്ധപ്രവർത്തകരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു
2016ൽ വിവാഹിതരായ ഇവർ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ജിംഗി താലൂക്കിന് സമീപമുള്ള മണലപ്പടി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇവർക്ക് നാല് വയസുള്ള മറ്റൊരു കുട്ടിയുമുണ്ട്.
വടിവാഴഗന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 355, 308, 2015ലെ ബാലനീതി നിയമത്തിലെ 75 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിംഗിയിൽ എത്തിച്ച തുളസിയെ മനസികാരോഗ്യ ചികിത്സയ്ക്ക് വിധേയയാക്കി. കേസിൽ അന്വേഷണം തുടരുകയാണ്.