ബെംഗളൂരു: മൈസൂരില്‍ ആള്‍ദൈവം വിദ്യഹംസ ഭാരതി സ്വാമിജി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. മാണ്ഡ്യയിലെ പാണ്ഡവപുര താലൂക്കിലുളള ത്രിധമ ക്ഷേത്രത്തിലെ ആള്‍ദൈവമാണ് വിദ്യഹംസ ഭാരതി. ഭര്‍ത്താവും പീഡനത്തിന് കൂട്ടു നിന്നതായി യുവതി പരാതിയില്‍ പറയുന്നു. അഞ്ച് ദിവസം മുമ്പാണ് 41കാരി പരാതി നല്‍കിയതെങ്കിലും പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. രാമകൃഷ്ണനഗറിലുളള യുവതിയും ഭര്‍ത്താവും നേരത്തേ ഇയാളുടെ ഭക്തരായിരുന്നു. ഭര്‍ത്താവിന് ബിസിനസില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സ്വാമിയെ കാണാനെത്തിയത്. പിന്നീട് പല വിധത്തിലുളള പരിഹാരക്രിയകളും സ്വാമി നിര്‍ദേശിച്ചു.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് സ്വാമി തങ്ങളോട് ഉറപ്പ് പറഞ്ഞിരുന്നതായി യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ‘ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിലാണ് സ്വാമിയെ കാണാന്‍ പോയത്. സ്വാമിക്ക് തങ്ങളെ സഹായിക്കാനാവില്ലെന്ന് ഭര്‍ത്താവിനോട് പലവട്ടം പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഇത് ചെവി കൊണ്ടില്ല. സെപ്റ്റംബര്‍ 3ന് സ്വാമിയെ കാണാന്‍ തന്റെ കൂടെ വരണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ഞാന്‍ നിരസിച്ചു. നമ്മുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും തീര്‍ക്കാന്‍ സ്വാമിക്ക് കഴിയുമെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. എന്നാല്‍ സെപ്റ്റംബര്‍ 4ന് പുലര്‍ച്ചെ 1 മണിയോടെയാണ് ഡോര്‍ ബെല്‍ അടിച്ചത്. ഭര്‍ത്താവ് വൈകി വന്നതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്’, യുവതി പരാതിയില്‍ പറയുന്നു.
‘വിദ്യഹംസ സ്വാമിയും ഭര്‍ത്താവും ചില പരിചാരകരും ആയിരുന്നു വന്നിരുന്നത്. ഞാന്‍ വാതില്‍ തുറന്നയുടനെ അവര്‍ അകത്തേക്ക് കടന്നു. എന്റെ മുടി പിടിച്ച സ്വാമി എന്നെ ചീത്ത വിളിച്ചു. ലൈംഗികമായി സഹകരിച്ചാല്‍ ഗുണം മാത്രമേ ഉണ്ടാവുകയുളളൂവെന്ന് സ്വാമി പറഞ്ഞു. തനിക്ക് ദിവ്യശക്തിയുണ്ടെന്നും വഴങ്ങണമെന്നും സ്വാമി ആവശ്യപ്പെട്ടു. സ്വാമിയും ഭര്‍ത്താവും ചേര്‍ന്ന് എന്നെ മര്‍ദ്ദിച്ചു. എന്റെ മുറിയിലേക്ക് കൊണ്ടുപോയി സ്വാമി എന്റെ വസ്ത്രങ്ങള്‍ കീറിപ്പറിച്ചു. ബലമായി പിന്നീട് എന്നെ പീഡിപ്പിച്ചു’, യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ഭര്‍ത്താവ് പിടിച്ചു വച്ചതായും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയെ കാറില്‍ വച്ചും പീഡനത്തിന് ഇരയാക്കി. ‘ഞാന്‍ നഗ്നയായിരുന്നു. സ്വാമിയുടെ ഫോര്‍ച്ച്യൂണര്‍ കാറിലേക്ക് എന്നെ വലിച്ചിഴച്ചു. സ്വാമിയുടെ മടിയിലിരിക്കാന്‍ ഭര്‍ത്താവാണ് നിര്‍ദേശിച്ചത്. കാറില്‍ വച്ചും ഒരു മണിക്കൂറിലധികം പീഡനത്തിനിരിയാക്കി. നമ്മുടെ പ്രശ്നങ്ങളൊക്കെ തീരുമെന്നായിരുന്നു ഭര്‍ത്താവ് അപ്പോള്‍ പറയുന്നുണ്ടായിരുന്നത്. പിന്നീട് ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടില്‍ എന്നെ വിട്ടു’, യുവതി പരാതിപ്പെട്ടു.
സംഭവം പുറത്തുപറഞ്ഞാല്‍ അനുഭവിക്കേണ്ടി വരുമെന്ന് സ്വാമി ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നല്കി. തുടര്‍ന്നാണ് യുവതി കൂവെമ്പ് നഗര്‍ പൊലീസില്‍ സെപ്റ്റംബര്‍ 5ന് പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും സ്വാമിക്കെതിരെ പൊലീസ് നടപടി എടുത്തിട്ടില്ല.