ഗുഡ്ഗാവ്: ഭർത്താവിനെയും സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ ബലാൽസംഗം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.

കാറിൽ രാത്രി യാത്ര ചെയ്യുകയായിരുന്നു കുടുംബം. യുവതിയും അവരുടെ സഹോദരനും ഭർത്താവുമാണ് കാറിൽ ഉണ്ടായിരുന്നത്. സെക്ടർ 56 ലെ ബിസിനസ് പാർക്ക് ടവറിന് സമീപത്തായി കാർ നിർത്തി. യുവതിയുടെ ഭർത്താവ് കാറിൽനിന്നും പുറത്തിറങ്ങിയ സമയത്ത് രണ്ടു കാറുകൾ അടുത്തായി വന്നു നിന്നു. മദ്യപിച്ചിരുന്ന നാലുപേർ കാറിൽനിന്നിറങ്ങി യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണ് കാറിനകത്തിരുന്ന ഭാര്യയെ കണ്ടത്. നാലുപേരിൽ ഒരാൾ യുവതിയെ കാറിൽനിന്നും വലിച്ചിറക്കി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന് പൊലീസ് പരാതിയിൽ പറയുന്നു.

ഈ സമയം അത്രയും മറ്റു മൂന്നുപേർ തോക്കു ചൂണ്ടി ഭർത്താവിനെയും യുവതിയുടെ സഹോദരനെയും ഭീഷണിപ്പെടുത്തി നിർത്തുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഓഫീസർ മനീഷ് സേഹൾ പറഞ്ഞു. സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെടുന്നതിനു മുൻപ് പൊലീസിനെ സമീപിക്കരുതെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ രണ്ടു കാറുകളിൽ ഒരെണ്ണത്തിന്റെ നമ്പർ യുവതിയുടെ ഭർത്താവ് നോട്ട് ചെയ്തിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്നും സേഹൾ പറഞ്ഞു.

ഗുഡ്ഗാവിലെ സോഹ്‌നയിലെ ജോഹൽക വില്ലേജിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയെ ബലാംൽസംഗം ചെയ്ത പ്രതി വാട്ടർ ടാങ്കർ വിതരണക്കാരനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ