ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം പ്രവർത്തിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ‘നിങ്ങൾക്ക് ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ അവരുടെ ശക്തി മനസ്സിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം എന്നീ മൂന്നു തൂണുകളാണ് അവരുടെ ശക്തി. ഇവയിൽ രണ്ടു തൂണുകളെങ്കിലും തകർക്കാൻ കഴിയാതെ, നിങ്ങൾക്ക് ബിജെപിയെ വെല്ലുവിളിക്കാൻ കഴിയില്ല, ”എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു.
“ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നതിന് മറ്റു പ്രത്യയശാസ്ത്രങ്ങൾ ഒന്നിക്കണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ… പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്, പക്ഷേ അവയിൽ അന്ധമായി വിശ്വസിക്കരുത്. പ്രത്യയശാസ്ത്രപരമായ യോജിപ്പ് ഉണ്ടാകാത്തിടത്തോളം കാലം ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്നും തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിപക്ഷത്തിന് എങ്ങനെ നേരിടാൻ കഴിയുമെന്ന് വിശദീകരിച്ചുകൊണ്ട് പ്രശാന്ത് പറഞ്ഞു,
“എന്റെ പ്രത്യയശാസ്ത്രം മഹാത്മാഗാന്ധിയുടേതാണ്. ബിഹാറിലെ എന്റെ ജൻ സൂരജ് യാത്ര ഗാന്ധിയുടെ കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ പുനരുജീവിപ്പിക്കാനുള്ള ശ്രമമാണ്,” കിഷോർ പറഞ്ഞു. “ഇത് ബിഹാറിന്റെ വിധിയും ചുറ്റുമുള്ള വ്യവഹാരവും മാറ്റാനാണ്. ജാതി രാഷ്ട്രീയത്തിനും തെറ്റായ പല കാരണങ്ങൾക്കും പേരുകേട്ടതാണ് ബിഹാർ. ആളുകളുടെ കഴിവിനാൽ ബിഹാർ അറിയപ്പെടുന്ന സമയമാണിത്, ”കിഷോർ തന്റെ യാത്രയെക്കുറിച്ച് പറയുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് സംസാരിച്ച കിഷോർ, അതിന്റെ യഥാർത്ഥ പരീക്ഷണം അത് ചെലുത്തിയ സ്വാധീനത്തിലായിരിക്കുമെന്ന് പറഞ്ഞു.
“ആറ് മാസത്തെ ഭാരത് ജോഡോ യാത്രയിൽ ഏറെ പ്രശംസകളും വിമർശനങ്ങളും ഉയർന്നിരുന്നു. ആറ് മാസത്തെ ഈ നടത്തത്തിനുശേഷം, എന്തെങ്കിലും വ്യത്യാസം കാണണം? ഒരു പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിധി മെച്ചപ്പെടുത്താനാണ് ആ യാത്ര. നാല് ജില്ലകളിൽ മാത്രമേ എനിക്ക് സഞ്ചരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം യാത്ര ഒരു ദൗത്യമല്ല, മറിച്ച് ആ പ്രദേശത്തെ മനസ്സിലാക്കാനാണ്, ”കിഷോർ പറഞ്ഞു.
“എന്റെ ലക്ഷ്യം കോൺഗ്രസിന്റെ പുനർജന്മമായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്റെ ആശയങ്ങൾ അവർ നടപ്പിലാക്കാൻ ശ്രമിച്ച രീതിയോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല,” കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ച് കിഷോർ പറഞ്ഞു.