ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ ‘അതിഥി ദേവോ ഭവ’ എന്ന മന്ത്രം മറന്നോ എന്ന് ശശി തരൂർ ചോദിക്കുന്നു. ഇന്ത്യയെ പോലെ തന്നെ ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുകയും അകറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങൾ പോലും സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാകുന്ന സമയത്താണ് അതിഥികളെ ദൈവത്തെ പോലെ പരിഗണിക്കുന്ന സംസ്കാരത്തിന്റെ ഭാഗമായ നമ്മൾ അഭയാർത്ഥികളെ ആട്ടിയോടിക്കുന്നതെന്നും ശശി തരൂർ പറയുന്നു. അഭയാർത്ഥികളുടെ നാടു കടത്താനുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും ദി ക്വിന്റിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളവരടക്കം എല്ലാ റോഹിങ്ക്യൻ അഭയാർഥികളേയും പുറത്താക്കാനാണ് ഇന്ത്യയുടെ തീരുമാനം എന്ന കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിന്റെ പ്രസ്താവന നിരാശാജനകമാണ്. 2000 വർഷങ്ങളായി അഭയാർഥികൾക്ക് അഭയം നൽകിയ ചരിത്രമാണ് ഇന്ത്യക്കുള്ളത്. 1893ലെ ലോകമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ വേട്ടയാടപ്പെടുന്നവരുടെ അഭയകകകേന്ദ്രമാണ് ഇന്ത്യയെന്നാണ് വിശേഷിപ്പിച്ചത്.

ഈ അടുത്ത കാലത്ത് തന്നെ ടിബറ്റന്മാർ, പാക്കസ്ഥാനാൽ പുറത്താക്കപ്പെട്ട ബംഗാളികൾ, ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജർ, ആഭ്യന്തര കലാപത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ നേപ്പാളികൾ, ബംഗ്ലേദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും എത്തിയ ചക്മകൾ എന്നിങ്ങനെ പല തരത്തിലുള്ള അഭയാർഥികളെ നിയമത്തിന്റെ ഉള്ളിൽ നിന്ന് ഭാഗികമായോ പൂർണമോയോ ഇന്ത്യ അഭയം നൽകിയിട്ടുണ്ട്. ഇപ്പോൾ മാത്രം ഇങ്ങനെ ഒരു വിരോധ നയം സ്വീകരിക്കുന്നതിന് പിന്നിൽ ഒരു കാരണമേയുള്ളൂ. റോഹിങ്ക്യകൾ പൂർണമായും മുസ്ലിംങ്ങളാണ്. വലിയൊരു വിഭാഗം മുസ്ലിംങ്ങൾക്ക് അഭയം നൽകാനാവില്ലെന്നാണ് മറ്റൊരു തരത്തിൽ സർക്കാർ വ്യക്തമാക്കുന്നതെന്നും ശശി തരൂർ എഴുതുന്നു.

ഓഗസ്റ്റ് 25ന് തീവ്രവാദി വിഭാഗമായ അരാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി പൊലീസ്, ആര്‍മി പോസ്റ്റുകള്‍ ആക്രമിച്ചതിന് ശേഷം റോഹിങ്ക്യ വിഭാഗക്കാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു സൈന്യം. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 4 ലക്ഷത്തോളം പേര്‍ അതായത് റോഹിങ്ക്യ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്നാണ് ഇന്ത്യൻ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. റോഹിങ്ക്യൻ വംശജരെ ഇന്ത്യയിലേക്ക് കടത്താൻ മ്യാന്മാർ,പശ്ചിമ ബംഗാൾ,ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ചില അഭയാർത്ഥികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook