ഹൈദരാബാദ്: സംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം പിതാവ് അഴുക്കുചാലില്‍ ഒഴുക്കി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മയിലാര്‍ദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് പതിനാറുകാരിയായ മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കിയതെന്ന് ഡക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. അഴുകിയ മൃതദേഹം ഓടയിൽ ഒഴുകി നടക്കുന്നത് പ്രദേശവാസികൾ കണ്ടതോടെയാണ് സംഭവം പുറത്തു വരുന്നത്.

രണ്ടു വര്‍ഷം മുന്‍പ് പെന്റയ്യയുടെ മകന്‍ സീതാറാം ആത്മഹത്യ ചെയ്തിരുന്നു. അന്ന് മകന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനു വേണ്ടി 50,000 രൂപ പലരില്‍നിന്നായി കടം വാങ്ങിയിരുന്നു. ഇതിനു പിന്നാലെ, മകള്‍ ഭവാനിയുടെ ഋതുമതിയായ ചടങ്ങിനുവേണ്ടിയും 50,000 രൂപയോളം കടം വാങ്ങേണ്ടി വന്നു. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്റയ്യ. രണ്ടുദിവസം മുമ്പ് അയല്‍വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനിയെ പിടികൂടിയിരുന്നു. ഇതിന്റെ മനംനൊന്ത് ഭവാനി തൂങ്ങിമരിക്കുകയായിരുന്നു. ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരോടും പറയാതെ അര്‍ധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.

മെയ് 31നാണ് അഴുകിയ മൃതദേഹ ഭാഗങ്ങള്‍ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷണത്തില്‍ പെന്റയ്യയുടെ മകളെ മൂന്നാഴ്ചയായി കാണാനില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് മകളുടെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കിയതായി സമ്മതിച്ചത്. ആത്മഹത്യാ വിവരം പുറത്ത് പറയാതിരുന്നതിന് പെന്റയ്യക്കെതിരെ പോലീസ് കേസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook