ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,908 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,07,614 ആയി. ഇതിൽ 1,00,02 പേർ രോഗമുക്തി നേടി. 5,815 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേരാണ് മരിച്ചത്.

അതേസമയം, ഇന്ത്യയിൽ രോഗവ്യാപനം അതിന്റെ കൊടുമുടിയിൽ എത്താൻ ഇനിയും സമയമെടുക്കുമെന്നും രാജ്യം അതിൽനിന്ന് ഏറെ അകലെയാണെന്നുമാണ് ഐസിഎംആർ ശാസ്ത്രജ്ഞ ഡോ.നിവേദിത ഗുപ്ത പറഞ്ഞത്. നമ്മുടെ പ്രതിരോധ നടപടികൾ മികച്ചതാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ നല്ല മികച്ച നിലയിലാണെന്നും അധികം വൈകാതെ നിങ്ങൾക്ക് കണക്കുകൾ കാണാൻ കഴിയുമെന്നും അവർ പറഞ്ഞു.

Read Also: കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുളളത്. 70,013 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,358 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിൽ രോഗവ്യാപന തോത്, രാജ്യശരാശരിയേക്കാൾ താഴെപ്പോയി എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയ ശരാശരിയേക്കാൾ താഴെയാണ് മഹാരാഷ്ട്രയിൽ രോഗം കൂടുന്ന നിരക്ക്.

കോവിഡ് ബാധിതർ ഏറ്റവുമധികമുളള രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ആഗോളതലത്തിൽ 63 ലക്ഷത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചിട്ടുളളത്. യുഎസിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 1,831,821 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 1,06,180 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook