സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള ബിജെപിയുടെ പുതിയ നീക്കങ്ങൾക്കിടയിൽ ആർഎസ്എസും പുതിയൊരു തീരുമാനം കൈകൊണ്ടിരിക്കുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെ സംഘടനയുടെ യോഗത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് രണ്ടു മാസം പിന്നിടുമ്പോൾ, ദസറ ദിനാഘോഷത്തിൽ പർവതാരോഹക സന്തോഷ് യാദവ് മുഖ്യാതിഥിയാകുമെന്ന് അറിയിച്ചിരിക്കുകയാണ് ആർഎസ്എസ്. ആർഎസ്എസിന്റെ പ്രധാന പരിപാടിയിൽ ഒരു സ്ത്രീ മുഖ്യാതിഥിയാകുന്നത് ഇതാദ്യമായാണ്.
ഹരിയാന സ്വദേശിയായ യാദവ് രണ്ട് തവണ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയാണ്. 2000-ൽ അവരെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
1925ലെ ദസറ ദിനത്തിൽ നാഗ്പൂരിൽ ആർഎസ്എസ് സ്ഥാപിതമായതോടെ, ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ സംഘടനയുടെ കാഴ്ചപ്പാട് ഈ പരിപാടിയിൽ അവതരിപ്പിക്കാറുണ്ട്. നാഗ്പൂരിൽ നടക്കുന്ന പ്രധാന പരിപാടിയിലാണ് യാദവ് പങ്കെടുക്കുക. ഈ ദിനത്തിൽ ആർഎസ്‌എസ് ശാഖകൾ ശാസ്‌ത്രപൂജ (ആയുധ പൂജകൾ) ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും.
1936 മുതൽ സ്ത്രീകൾക്കായി ‘രാഷ്ട്ര സേവിക സമിതി’ എന്ന പേരിൽ ഒരു വിഭാഗം ഉണ്ടായിരുന്നിട്ടും, സ്ത്രീകൾ കൂടുതലായി അതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നില്ല. അതിനാൽ കാക്കി ട്രൗസറുകൾ (നേരത്തെ ഷോർട്ട്സ്) ധരിച്ച പുരുഷന്മാരിലൂടെയാണ് സംഘം തിരിച്ചറിയപ്പെട്ടത്.
ശാഖകൾ, പ്രചാരികകൾ (മുഴുവൻ സമയവും സമിതിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ), സംഘ ശിക്ഷാ വർഗ് എന്ന വാർഷിക പരിശീലന ക്യാമ്പുകൾ അടക്കം സമിതിക്ക് സംഘത്തിന്റെ അതേ സംഘടനാ ഘടനയാണുള്ളത്. പക്ഷേ, സമിതിയിലെ സ്ഥാനമാനങ്ങൾ പ്രധാനമായും ആർഎസ്എസ് ഭാരവാഹികളുടെയും സ്വയംസേവകരുടെയും ബന്ധുക്കളായ സ്ത്രീകളിൽ മാത്രം ഒതുങ്ങി.
ആർഎസ്‌എസിന്റെ 2021-22 ലെ വാർഷിക റിപ്പോർട്ട്, അതിന്റെ സ്ത്രീ കേന്ദ്രീകൃത പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നുണ്ട്. സംസ്ഥാനങ്ങളിലെ 41 സമ്പർക്ക് വിഭാഗിൽ (ഔട്ട്‌റീച്ച് വിങ്ങുകൾ) സ്ത്രീ പ്രാതിനിധ്യമുണ്ടെന്ന് അതിൽ പറയുന്നു.
ആർഎസ്എസ് തങ്ങളുടെ പരിപാടികളിൽ മുഖ്യാതിഥികളാകാൻ വിവിധ മേഖലകളിൽ നിന്നും രാഷ്ട്രീയ രംഗത്തു നിന്നുമുള്ള ആളുകളെ ക്ഷണിക്കാറുണ്ട്. 2018 ജൂണിൽ നാഗ്പൂരിൽ നടന്ന ഒരു പരിപാടിയുടെ സമാപന ചടങ്ങിന്, അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ക്ഷണിച്ചിരുന്നു. ഇത് കോൺഗ്രസിൽ വലിയ ചർച്ചാ വിഷയമായി.
എച്ച്സിഎൽ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ, മുൻ ഡിആർഡിഒ ഡയറക്ടർ ജനറൽ വിജയ് കുമാർ സരസ്വത്, നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി, മുൻ സിബിഐ മേധാവി ജോഗീന്ദർ സിങ്, മുൻ നേപ്പാൾ കരസേനാ മേധാവി റൂക്മാൻഗുഡ് കടവാൽ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് ആർ.എസ്.ഗവായ് എന്നിങ്ങനെ നീളുന്നതാണ് ആർഎസ്എസ് അതിഥികളുടെ പട്ടിക.
കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം 2020 ൽ മാത്രമാണ് ആർഎസ്എസിന് വലിയ രീതിയിൽ ദസറ പരിപാടി നടത്താൻ കഴിയാതിരുന്നത്. ആ വർഷം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് 50 സ്വയംസേവകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത പരിപാടിയിൽ മുഖ്യാതിഥി ഉണ്ടായിരുന്നില്ല.