scorecardresearch
Latest News

കനേഡിയന്‍ പ്രധാനമന്ത്രി എത്തി അഞ്ച് ദിവസത്തിന് ശേഷം സ്വാഗതമോതി പ്രധാനമന്ത്രി; ഇന്ന് കൂടിക്കാഴ്ച

ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ ലംഘനം പോലും നടത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ആറാം ദിവസമാണ് ട്രൂഡോ കാണുന്നത്

കനേഡിയന്‍ പ്രധാനമന്ത്രി എത്തി അഞ്ച് ദിവസത്തിന് ശേഷം സ്വാഗതമോതി പ്രധാനമന്ത്രി; ഇന്ന് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഇന്ത്യയില്‍ എത്തി അഞ്ച് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു. ഇന്ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ട്രൂഡോയ്ക്കും കുടുംബത്തിനും ഇന്ത്യയില്‍ സന്തോഷകരമായ ദിവസങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോദി പറഞ്ഞു. 2015ല്‍ അദ്ദേഹം കാനഡ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്.

വെളളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, ബഹിരാകാശ-വിദ്യാഭ്യാസ സഹകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച ചര്‍ച്ച നടത്തും. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം എന്നു കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ ലംഘനം പോലും നടത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ആറാം ദിവസമാണ് ട്രൂഡോ കാണുന്നത്. ഫെബ്രുവരി 17നു ശനിയാഴ്ച കൃഷി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് ട്രൂഡോയെ സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.

കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മികച്ച സ്വീകരണമാണ് ഇന്ത്യ നല്‍കിയത്. ട്രൂഡോയെ സ്വാഗതം ചെയ്തുകൊണ്ട് ആദ്യ ദിനങ്ങളില്‍ ഒരു ട്വീറ്റ് പോലും നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഉണ്ടായില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

സിഖ് ദേശീയവാദികളെ കാനഡ പിന്തുണയ്ക്കുന്നതിലെ എതിര്‍പ്പാണ് “വിനയപൂര്‍വ്വമുള്ള ഈ അനിഷ്ടപ്രകടന”ത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം, ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കുന്നതില്‍ ഉപേക്ഷ കാണിച്ചു എന്ന ആരോപണം ഇന്ത്യന്‍ ഗവണ്‍മെന്‍റ് നിഷേധിച്ചു. ലോക നേതാക്കള്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ പാലിക്കാറുള്ള സ്വാഭാവിക പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ട് എന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ട്രൂഡോയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങള്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസങ്ങളില്‍ ആക്കിയതില്‍ ഇന്ത്യാ ഗവണ്‍മെന്റ് വൃത്തങ്ങള്‍ അത്ഭുതം രേഖപ്പെടുത്തി. ഉഭയകക്ഷി യോഗങ്ങള്‍ ഇത്തരം സന്ദര്‍ശനങ്ങളുടെ ആദ്യ ഘട്ടത്തില്‍ നടത്തുന്നതാണ് പൊതുവേയുള്ള രീതി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: With a tweet pm modi sets tone for his meeting with justin trudeau