ദോക്ലാം: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന്റെ വിവാദം കെട്ടടങ്ങി ഒരു മാസം തികയുമ്പോള്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മ്മാണം ആരംഭിച്ചു. കഴിഞ്ഞ തവണ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ദോക് ലാം പ്രദേശത്ത് നിന്നും 10 കിലോ മീറ്റര്‍ അകലെയാണ് അഞ്ഞൂറിലധികം സൈനികരുടെ കാവലില്‍ ചൈന പണി പുനരാരംഭിച്ചത്.
ചൈനയും ഭൂട്ടാനും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണിത്. ഭൂട്ടാന്റെ വാദത്തെ അനുകൂലിച്ച ഇന്ത്യയ്ക്ക് എതിരെ ചൈന നേരത്തേ തിരിഞ്ഞിരുന്നു. സ്ഥലത്തു ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) റോഡ് നിർമിച്ചത് ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. 70ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കാൻ തയ്യാറായത്. തുടർന്ന് റോഡ് നിർമാണത്തിനായി കൊണ്ടുവന്ന സാമഗ്രികൾ ചൈന തിരികെക്കൊണ്ട് പോയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
പിന്നാലെ ഇന്ത്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമമെന്നും ചൈന വ്യക്തമാക്കിയിരുന്നു. ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സഹകരണവും പരസ്പര ഇടപാടും കൂടുതല്‍ മെച്ചപ്പെടുത്താമെന്നും ചൈനീസ് പ്രതിനിധി വ്യക്തമാക്കി. ദോക്ലാം പോലുളള വിഷയങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈന വീണ്ടും റോഡ് പണി പുനരാരംഭിച്ചത്.