ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 11ന് 370 യാത്രക്കാരുമായി ഇന്ത്യയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിൽ ഇറങ്ങേണ്ട എഐ 101 എന്ന വിമാനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് സാധിക്കാതെ വിമാനത്താവളത്തിനു മുകളില്‍ തന്നെ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് കാരണം. ന്യൂഡല്‍ഹിയില്‍ നിന്നും തുടര്‍ച്ചയായി 15 മണിക്കൂര്‍ പറന്നാണ് വിമാനം എത്തിയത്. അതിസങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലൊന്നാണ് ബോയിങ് 777-300.

വിമാനത്തിലെ ഇന്ധനം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഈ അവസ്ഥയില്‍ അധികനേരം തുടരുക എന്നത് അത്യന്തം അപകടകരമായിരുന്നു. തുടര്‍ന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ റസ്റ്റം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഓട്ടോമാറ്റിക് സംവിധാനങ്ങളെല്ലാം തകരാറിലായ വിമാനത്തില്‍ ആകെ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് ആള്‍ട്ടിമീറ്റര്‍ മാത്രമായിരുന്നു.

കൺട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിർദേശം വന്നു. പ്രതികൂല കാലാവസ്ഥയില്‍ മേഘാവൃതമായ ആകാശത്തുനിന്ന് റണ്‍വേ വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് പൈലറ്റ് വിമാനം 400 അടി താഴേക്ക് ഇറക്കി. മനഃസാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രമാണ് വലിയൊരു ദുരന്തം ഒഴിവാക്കി വിമാനം സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിന് സാധിച്ചത്.

ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നെവാര്‍ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലാണ് പൈലറ്റ് ലാന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook