ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽസ്. സ്റ്റാഫ് അംഗങ്ങളെ പറഞ്ഞയച്ചു. കേന്ദ്രസർക്കാർ നിരന്തരമായി ഉപദ്രവിക്കുന്നുവെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. 19 ദിവസം മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വ‍ർഷമായി തുട‍ർച്ചയായി അടിച്ചമ‍ർത്തൽ നേരിടുകയാണ്. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് തുട‍ർച്ചയായി വേട്ടയാടുന്നു. കേന്ദ്രസർക്കാരിൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെയാണ് ഇന്ത്യയിലെ പ്രവ‍ർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആനംസ്റ്റി ഇൻ്റ‍ർനാഷണൽ ഇന്ത്യ വിഭാ​ഗം എക്സിക്യൂട്ടീവ് ഡയറക്ട‍ർ അവിനാശ് കുമാ‍ർ വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സര്‍ക്കാര്‍ ബോധപൂര്‍വം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയില്‍ പറയുന്നു.

സംഘടന വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തിലാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആംനസ്റ്റിയുടെ ഇന്ത്യൻ ശാഖ എന്ത് ചട്ട ലംഘനങ്ങളാണ് നടത്തിയതെന്ന് വ്യക്തമല്ല. എന്നാൽ തങ്ങൾ എല്ലാ നിയമങ്ങളും പൂർണമായും പാലിക്കുന്നതാണെന്ന് സംഘടന അവകാശപ്പെട്ടു. ധനസമാഹരണ മാതൃകയെ കള്ളപ്പണം വെളുപ്പിക്കൽ നടപടിയായി ചിത്രീകരിച്ചതിന് സർക്കാരിനെ വിമർശിച്ചു.

അടുത്തിടെ, നിരവധി സിവിൽ സൊസൈറ്റി സംഘടനകൾ പ്രസിഡന്റ് രാം നാഥ് കോവിന്ദിനോട് 2020 ലെ വിദേശ സംഭാവന (റെഗുലേഷൻ) ഭേദഗതി ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ശരിയായ ആലോചനയോ ചർച്ചകളോ ഇല്ലാതെയാണ് ബിൽ പാസാക്കിയതെന്ന് ഇന്ത്യൻ എൻ‌ജി‌ഒകളുടെ പരമോന്നത സ്ഥാപനമായ വൊളണ്ടറി ആക്ഷൻ നെറ്റ്‌വർക്ക് ഇന്ത്യ (വാനി) അഭിപ്രായപ്പെട്ടു.

Read in English: ‘Witch-hunt’: Amnesty International halts India operations, blames Centre

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook