ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുത്തലാഖിനെതിരായ കേന്ദ്ര നിയമമുള്‍പ്പടെ 39 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. മന്‍മോഹന്‍ സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം, ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ച എന്നിവ സഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

കഴിഞ്ഞ വര്‍ഷം ശീതകാല സമ്മേളനത്തിന് 21 ദിവസം ലഭിച്ച സ്ഥാനത്ത് ഇത്തവണ 14 പ്രവൃത്തി ദിവസങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ. സഭ ചേരുന്ന ആദ്യ ദിവസം കാര്യമായ ചര്‍ച്ചകളൊന്നും നടന്നേക്കില്ല. അടുത്തിടെ അന്തരിച്ച സഭാംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്‌സഭ പിരിഞ്ഞേക്കും. സഭ തടസമില്ലാതെ നടത്തുന്നതിന് സഹകരണം തേടി സ്പീക്കര്‍ ഇന്നലെ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനെതിരെ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു നേരത്തെ നിശിതമായി വിര്‍ശിച്ചിരുന്നു. നടുത്തളത്തില്‍ ഇറങ്ങുന്ന അംഗങ്ങളെ സ്വയമേ സസ്‌പെന്റ് ചെയ്യുന്ന രീതി കൊണ്ടുവരുമെന്ന് അടുത്തിടെ നായിഡു സൂചിപ്പിച്ചിരുന്നു.

മുടങ്ങികിടക്കുന്ന 25 ബില്ലുകളും പുതിയ 14 ബില്ലുകളും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുസ്ലീം സ്ത്രീ വിവാഹാവകാശ സംരക്ഷണ ബില്ലാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ടത്.

ഇതിനുപുറമെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ലക്ഷ്യമിട്ടുള്ള ജിഎസ്ടി ഭേദഗതി ബില്‍, പാപ്പരത്ത നിയമഭേദഗതി ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. വാടകഗര്‍ഭധാരണം നിയന്ത്രണ ഭേദഗതി ബില്‍, അഴിമതി നിരോധനനിയമം ഭേദഗതി ബില്‍ എന്നിവയുള്‍പ്പടെയുള്ളവയും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മന്‍മോഹൻ സിങിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഈ സമ്മേളനകാലത്തെ പ്രക്ഷുബ്ധമാക്കും. ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകളും ഓഖി ദുരന്തവും സഭയില്‍ ചര്‍ച്ചയാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ