ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു. 81 വയസായിരുന്നു. വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ കൂടെ പ്രവർത്തിച്ച വിന്നിയെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവെന്നാണ് വിശേഷിപ്പിക്കുന്നത്.

ഏറെക്കാലമായി അസുഖബാധിതയായിരുന്ന വിന്നിയുടെ മരണ വിവരം അവരുടെ വക്താവാണ് അറിയിച്ചത്.
രണ്ടാം ഭാര്യയായ വിന്നിയുടെ കൈ പിടിച്ച് ജയിൽ മോചിതനായി പുറത്തിറങ്ങി വരുന്ന മണ്ടേലയുടെ ചിത്രം ലോകപ്രസിദ്ധമാണ്. എന്നാൽ 1996ൽ മണ്ടേലയുമായി വിവാഹ മോചിതയായ ശേഷം വിവാദങ്ങളുടെ തോഴിയായിരുന്നു വിന്നി. കുടുംബവും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് വര്‍ക്കു ചുറ്റും ഉണ്ടായിരുന്നു. 1950ല്‍ മണ്ടേലയുമായി കണ്ടുമുട്ടുമ്പോള്‍ വിന്നി ഒരു സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു. പിന്നീട് വിവാഹിതരായ ഇരുവരും 38 വര്‍ഷക്കാലമാണ് ഒരുമിച്ച് ജീവിച്ചത്. ഇതിൽ 27 വർഷവും നെൽസൺ മണ്ടേല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു.

1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോൾ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു. എന്നാൽ രണ്ടു കൊല്ലം മുമ്പു തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. അതിനാൽ മണ്ടേല പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ നിയമപരമായി വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായി. മണ്ടേലയുടെ അവസാന കാലഘട്ടങ്ങളിൽ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ