ന്യൂഡൽഹി: പാക് പിടിയിലായ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് വിട്ടയയ്ക്കുമെന്ന് ഇന്നലെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്. ഇതോടെ ഇരുരാജ്യങ്ങൾക്കിടയിലുണ്ടായ സംഘർഷങ്ങൾക്ക് അയവു വരുമെന്നാണ് ഏവരും കരുതുന്നത്. ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം തകർന്ന് പാക് മേഖലയിൽ വീണത്. പാക് സ്വദേശികൾ അഭിനന്ദനെ പിടികൂടി സൈന്യത്തിന് കൈമാറുകയായിരുന്നു.

ബുധനാഴ്ചയാണ് പാക്കിസ്ഥാൻ വ്യോമസേന വിമാനങ്ങൾ ജമ്മു കശ്മീരിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങൾക്ക് സമീത്തുളള ആളില്ലാ പ്രദേശങ്ങളിൽ പാക് വിമാനങ്ങൾ വ്യോമാക്രമണം നടത്തി. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായി. ചൊവ്വാഴ്ച ബാലാകോട്ടിലെ ഭീകര ക്യാംപുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് ബദലായിട്ടായിരുന്നു പാക് ആക്രമണം.

India-Pakistan LIVE news updates:

ഫെബ്രുവരി 27 (ബുധൻ)

* ചൊവ്വാഴ്ച ബാലാകോട്ടിൽ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകൾക്കുനേരെയുളള ഇന്ത്യൻ ആക്രമണത്തിന് ബദലായാണ് പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയത്. ഇന്ത്യയും തിരിച്ചടിച്ചു.

* ഇന്ത്യയുടെ രണ്ടു പൈറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാക്കിസ്ഥാന്റെ അവകാശവാദം. സർക്കാർ ഇക്കാര്യം പരിശോധിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

* ഏതാനും മണിക്കൂറുകൾക്കം പിടിയിലായ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദന്റെ വീഡിയോ പാക് സൈന്യം പുറത്തുവിട്ടു.

* പരുക്കേറ്റ ഇന്ത്യൻ വ്യോമസേന പൈലറ്റിന്റെ വീഡിയോ പകർത്തി മോശമായി ചിത്രീകരിച്ചത് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ നിയമത്തിന്റെയും ജനീവ കൺവെൻഷന്റെയും ലംഘനമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.

* ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുളള പാക് ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് ഹൈക്കമ്മിഷ്ണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.

* രണ്ടു ഇന്ത്യൻ പൈലറ്റുകൾ തങ്ങളുടെ കസ്റ്റഡിയിലാണെന്ന വാദം മണിക്കൂറുകൾക്കകം പാക്കിസ്ഥാൻ തിരുത്തി. ഒരു ഇന്ത്യൻ പൈലറ്റാണ് കസ്റ്റഡിയിലായതെന്ന് പാക്കിസ്ഥാൻ പ്രതിരോധ വക്താവ് പറഞ്ഞു. പാക്കിസ്ഥാൻ സൈന്യം തന്നെ നന്നായി പരിചരിച്ചുവെന്ന് കസ്റ്റഡിയിലായ ഇന്ത്യൻ പൈലറ്റ് പറയുന്ന വീഡിയോ പാക്കിസ്ഥാൻ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു.

* ഇന്ത്യയിൽ ആക്രമണം നടത്തിയത് പാക്കിസ്ഥാനും തിരിച്ചടിക്കാൻ കഴിയുമെന്ന് കാണിക്കാനാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. രണ്ടു ഇന്ത്യൻ മിഗ്-21 വിമാനങ്ങൾ നിയന്ത്രണരേഖ മറികടന്നതായും അവയെ വെടിവച്ചിട്ടതായും ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

ഫെബ്രുവരി 28 (വ്യാഴം)

* മകന്റെ ധൈര്യത്തിൽ അഭിമാനം കൊളളുന്നതായും അവൻ സുരക്ഷിതനായി മടങ്ങിയെത്തുമെന്നും വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ പിതാവ്.

* പിടിയിലായ അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കുന്നതിനുളള തീരുമാനം പരിഗണനയിലാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി.

* ഇന്ത്യൻ പൈലറ്റിനെ യാതൊരുവിധ പരുക്കുമില്ലാതെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്നും പാക്കിസ്ഥാനുമായി യാതൊരുവിധ വിലപേശലിനില്ലെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

* അഭിനന്ദൻ പാക് പിടിയിലായ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം ഇങ്ങനെ ”ഭീകരവാദത്തിനെതിരെ ഇന്ത്യ ഒത്തൊരുമിച്ച് പൊരുതുമെന്നും ഒന്നായി നിന്ന് വിജയം കൈവരിക്കും.” ഇതിനുപിന്നാലെ ഒരു ‘പൈലറ്റ് പ്രൊജക്ട്’ തീര്‍ത്തിട്ടേ ഉളളൂ, ഇനി നമുക്ക് അത് യാഥാര്‍ത്ഥ്യമാക്കണം, നേരത്തേ അത് വെറും ആചാരം മാത്രമായിരുന്നു എന്ന് മോദി ഒരു പരിപാടിയിൽ പറഞ്ഞു.

* വെള്ളിയാഴ്ച വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റ് സമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook